ബോവിക്കാനം: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങൾക്ക് ഭക്തിനിർഭരമായ സമാപനം കുറിച്ച് ബോവിക്കാനത്ത് വർണ്ണാഭമായ മഹാശോഭായാത്ര നടന്നു. മുളിയാർ ബാലഗോകുലത്തിന്റെ 44-ാമത് ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശോഭായാത്രയിൽ ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമായി നൂറുകണക്കിന് ബാലികാബാലന്മാരാണ് അണിനിരന്നത്. കുരുന്നുകളുടെ സാന്നിധ്യം കൊണ്ട് ബോവിക്കാനത്തിന്റെ വീഥികൾ അമ്പാടിയായി മാറി.
‘മായ വിട്ടുണരൂ, മാനവനായ് വളരൂ’ എന്ന സന്ദേശമുയർത്തി നടന്ന ആഘോഷങ്ങളിൽ ഷൺമുഖ ബാലഗോകുലം മുളിയാർ, സാന്ദീപനി ബാലഗോകുലം അമ്മംഗോട്, പാർത്ഥസാരഥി ബാലഗോകുലം ചിപ്ലിക്കയ, ഗോവർദ്ധന ബാലഗോകുലം മുണ്ടക്കൈ എന്നീ നാല് പ്രധാന കേന്ദ്രങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ ബോവിക്കാനം മഥുരാപുരിയിൽ സംഗമിച്ചു. തുടർന്ന് ഇവിടുന്ന് സംയുക്തമായി മഹാശോഭായാത്രയായി പ്രയാണം തുടർന്നു.
പുരാണ ഇതിഹാസ ചരിത്ര മുഹൂർത്തങ്ങളെ ജീവസ്സുറ്റതാക്കിയ നിശ്ചലദൃശ്യങ്ങൾ, താലപ്പൊലി, ചെണ്ടമേളം, വർണ്ണശബളമായ മുത്തുക്കുടകൾ, പരമ്പരാഗത ക്ഷേത്ര കലാരൂപങ്ങൾ, ഭക്തിസാന്ദ്രമായ ഭജനകൾ എന്നിവ മഹാശോഭായാത്രയ്ക്ക് മിഴിവേകി. മഞ്ഞപ്പട്ടുടുത്ത്, മയിൽപ്പീലി ചൂടി, ഓടക്കുഴലുമേന്തി എത്തിയ അമ്പാടിക്കണ്ണന്മാരെയും താലമേന്തിയ കൊച്ചുഗോപികമാരെയും കാണാൻ വഴിയോരങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
മഥുരാപുരിയിൽ നിന്ന് പുറപ്പെട്ട മഹാശോഭായാത്ര ശ്യാംബാബുനഗർ ശ്രീ ഹനുമാൻ സ്വാമി ക്ഷേത്ര സന്നിധിക്ക് മുന്നിലൂടെ സഞ്ചരിച്ച് മല്ലം ശ്രീ ദുർഗ്ഗാപരമേശ്വരി ക്ഷേത്ര സന്നിധിയിൽ ഭക്തിനിർഭരമായി സമാപിച്ചു. ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ശോഭായാത്രയുടെ വിജയത്തിനായി ഒരുക്കിയിരുന്നത്.












Leave a Reply