പ്രിയദർശിനി ബസ് വഴിയിൽ കേടായി; കയറാൻ ശ്രമിച്ച സ്ത്രീ യാത്രക്കാരെ തടഞ്ഞ് സ്വകാര്യബസ്, ആർടിഒയ്ക്ക് പരാതി

കാസർകോട്: വഴിയിൽ കേടായ കെഎസ്ആർടിസി ബസിലെ യാത്രക്കാരായ സ്ത്രീകളെ കയറ്റാതെ സ്വകാര്യബസ് ജീവനക്കാർ ലിംഗവിവേചനം കാണിച്ചതായി പരാതി. കാസർകോട്–എരിഞ്ഞപ്പുഴ–കുറ്റിക്കോൽ റൂട്ടിൽ കാനത്തൂരിൽ കഴിഞ്ഞദിവസം വൈകിട്ട് 5.30-ഓടെയാണ് സംഭവം. സ്ത്രീ യാത്രക്കാരോട് വിവേചനം കാട്ടിയ ജീവനക്കാർക്കും പെർമിറ്റ് ലംഘനം നടത്തിയ ബസ് ഉടമയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് സ്വകാര്യ ബസിലുണ്ടായിരുന്ന യാത്രക്കാരനായ യുവാവ് ആർടിഒയ്ക്ക് പരാതി നൽകി.

എൺപതോളം യാത്രക്കാരുമായി സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ‘പ്രിയദർശിനി’ ബസ് കാനത്തൂരിലെത്തിയപ്പോഴാണ് തകരാറിലായി വഴിയിൽ കിടന്നത്. ഇതോടെ യാത്രക്കാർ പെരുവഴിയിലായി. തൊട്ടുപിന്നാലെ എത്തിയ സ്വകാര്യബസിൽ കയറാൻ ശ്രമിച്ച സ്ത്രീ യാത്രക്കാരെ ജീവനക്കാർ ബോധപൂർവം തടയുകയും പുരുഷന്മാരെ മാത്രം കയറ്റുകയുമായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

നിശ്ചിത സ്റ്റോപ്പിൽ നിർത്താതെ മാറ്റിനിർത്തി, യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്ന വിധത്തിലാണ് ബസിലേക്ക് ആളുകളെ കയറ്റിയതെന്നും പരാതിയിലുണ്ട്. ലിംഗവിവേചനം കാണിക്കുകയും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തുകയും ചെയ്ത ജീവനക്കാർക്കെതിരെയും സർവീസ് ചട്ടങ്ങൾ ലംഘിച്ച ബസ് ഉടമയ്ക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *