ലഹരിക്കെതിരെ ബോക്സിങ് പഞ്ചുമായി കാസർകോട് പോലീസ്; കായികമേള ദീപശിഖാ പ്രയാണം നാളെ

കാസർകോട്: ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ വ്യത്യസ്തമായ ക്യാമ്പയിനുമായി ജില്ലാ പോലീസ് രംഗത്ത്. ‘യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച ‘ലഹരിക്കെതിരെ പഞ്ച് ചെയ്യൂ…’ പരിപാടിക്ക് തുടക്കമായി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഒരുക്കിയ പ്രത്യേക സെൽഫി പോയിന്റിലെ പഞ്ചിങ് ബാഗിൽ ലഹരിക്കെതിരെ പ്രതീകാത്മകമായി ഇടിക്കുന്നതാണ് ഈ വേറിട്ട പരിപാടി.

സംസ്ഥാന പോലീസ് കായികമേളയുടെ പ്രചാരണാർഥം സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം എ.എസ്.പി. അച്യുത് അശോക് നിർവഹിച്ചു. പൊതുജനങ്ങൾ ഈ ലഹരിവിരുദ്ധ ക്യാമ്പയിനിൽ സജീവമായി പങ്കാളികളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സെൽഫി പോയിന്റിൽ നിന്ന് ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചും പൊതുജനങ്ങൾക്ക് ഈ പ്രചാരണത്തിന്റെ ഭാഗമാകാം. വരും ദിവസങ്ങളിലും ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ഈ പരിപാടി തുടരും.

ഉദ്ഘാടന ചടങ്ങിൽ ഡിവൈ.എസ്.പി.മാരായ ഡോ. വി. ബാലകൃഷ്ണൻ, ടി. ഉത്തംദാസ്, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, ജി-ടെക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെ.വി.കെ. റാം, വിദ്യാർഥികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

ദീപശിഖാ പ്രയാണവും മിനി മാരത്തണും നാളെ

സംസ്ഥാന പോലീസ് കായികമേള ഒൻപതിന് തിരുവനന്തപുരത്ത് ആരംഭിക്കാനിരിക്കെ, കായികമേളയിലേക്കുള്ള ദീപശിഖാ പ്രയാണവും മിനി മാരത്തണും ശനിയാഴ്ച രാവിലെ 7 മണിക്ക് കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കും.

അന്താരാഷ്ട്ര കായികതാരങ്ങളായ മുഹമ്മദ് റാഫി (ഫുട്ബോൾ), ജഗദീഷ് കുമ്പള (കബഡി), രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., എം.എൽ.എ.മാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് നുള്ളിപ്പാടി വഴി പുലിക്കുന്നിലെ മുനിസിപ്പൽ ടൗൺ ഹാൾ പരിസരത്താണ് മാരത്തൺ സമാപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *