കാസർകോട്: റോഡരികുകളും ഒഴിഞ്ഞ പ്രദേശങ്ങളും മാലിന്യക്കൂമ്പാരമാക്കുന്ന സാമൂഹികവിരുദ്ധരുടെ പ്രവർത്തനം കാസർകോട് തിരുവക്കോളി പ്രദേശത്തും തലവേദനയാകുന്നു. തിരുവക്കോളിയിൽ നിന്ന് സ്റ്റേഷൻ പള്ളി റോഡിലേക്ക് വരുന്ന വഴിയിലാണ് ഇപ്പോൾ വ്യാപകമായി മാലിന്യം തള്ളിയിരിക്കുന്നത്. വഴിയാത്രക്കാർക്കും പ്രദേശവാസികൾക്കും കടുത്ത ദുരിതമാണ് ഇത് സൃഷ്ടിക്കുന്നത്.
വാഹനങ്ങളിൽ പോകുന്നവർ വഴിയരികിലേക്ക് അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത ഇവിടെ പതിവായിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും ഭക്ഷണാവശിഷ്ടങ്ങൾക്കും പുറമെ കുട്ടികളുടെ ഉപയോഗിച്ച ഡയപ്പറുകൾ അടക്കമുള്ളവ റോഡരികിൽ ഉപേക്ഷിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും തെരുവുനായ ശല്യത്തിനും വഴിവെക്കുന്നു.
“നാട് നമ്മുടെതാണ്, അത് വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോരുത്തർക്കുമുണ്ട്” എന്ന് ഓർമ്മിപ്പിക്കുന്ന നാട്ടുകാർ, പരിസര മലിനീകരണത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുന്നു. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ഈ വഴിയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും നിയമലംഘകർക്കെതിരെ കർശന പിഴ ചുമത്തണമെന്നും അധികൃതരോട് പ്രദേശവാസികൾ ആവശ്യപ്പെട്ടു.















Leave a Reply