മയങ്കര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ലക്ഷം ദീപ സമർപ്പണം നവംബർ 7-ന്

ചെർക്കള: ബേവിഞ്ച മയങ്കര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തോടനുബന്ധിച്ച് നടത്തുന്ന ലക്ഷം ദീപ സമർപ്പണം നവംബർ 7 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും.

എടനീർ മഠാധിപതി ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമികളുടെ ആശീർവാദത്തിലും ബ്രഹ്മശ്രീ വാസുദേവ തന്ത്രി കുണ്ടാർ അവർകളുടെ നേതൃത്വത്തിലുമാണ് ചടങ്ങുകൾ നടക്കുക. 2026 ഡിസംബർ 18 മുതൽ 27 വരെ വിപുലമായ പരിപാടികളോടെ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവം നടക്കാനിരിക്കെയാണ് ഇതിന്റെ മുന്നോടിയായി ലക്ഷം ദീപ സമർപ്പണം ഒരുക്കുന്നത്.

വിദ്യാർത്ഥികളുടെ പഠന പുരോഗതിക്കും പരീക്ഷാ വിജയത്തിനുമുള്ള വിദ്യാദീപം, ആഗ്രഹസാഫല്യത്തിനായുള്ള സങ്കൽപദീപം, ആരോഗ്യത്തിനായുള്ള ആയുരാരോഗ്യദീപം, കുടുംബ ഐശ്വര്യത്തിനായുള്ള സൗഭാഗ്യദീപം, കുടുംബദീപം തുടങ്ങി വിവിധ പ്രാർത്ഥനാ സങ്കൽപ്പങ്ങളോടെ ഭക്തജനങ്ങൾക്ക് ദീപങ്ങൾ തെളിയിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ക്ഷേത്ര ട്രസ്റ്റ്, ക്ഷേത്ര സേവ സമിതി, യുവജന സേവാ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങുകൾ ഏകോപിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *