കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച കേസ്; നടി അതുല്യ ചന്ദ്രൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

കൊച്ചി: ചികിത്സയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തി യുവ ഡോക്ടറെ ക്രൂരമായി മർദിക്കുകയും വിലപിടിപ്പുള്ള വസ്തുക്കൾ കവരുകയും ചെയ്തെന്ന പരാതിയിൽ യുവനടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്രൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. കടവന്ത്ര പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ അതുല്യ ഉൾപ്പെടെ ആകെ 12 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

നവംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബന്ധുവിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അടിയന്തരമായി എത്തി ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ട് സുഹൃത്തായ ഡോക്ടറെ അതുല്യ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതനുസരിച്ച് പൊന്നുരുന്നി ഭാഗത്തുള്ള അപ്പാർട്ട്മെന്റിലെത്തിയ ഡോക്ടറെ അവിടെയുണ്ടായിരുന്ന സംഘം ചേർന്ന് മർദിക്കുകയായിരുന്നുവെന്നാണ് പരാതി.

ഫ്ലാറ്റിൽ വെച്ച് മുഖത്തടിക്കുകയും കസേരയിലിരുത്തി ശരീരമാസകലം മർദിക്കുകയും ചെയ്തതായി ഡോക്ടറുടെ പരാതിയിൽ പറയുന്നു. മർദനത്തിന് പുറമെ, മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകളും സംഘം കവർന്നതായി പരാതിയിലുണ്ട്.

ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച കടവന്ത്ര പൊലീസ്, നടി ഉൾപ്പെടെയുള്ള മൂന്നുപേരെ പിടികൂടുകയായിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *