പിന്നണി ഗായകനും മാപ്പിളപ്പാട്ട് കലാകാരനുമായ നിസാർ വയനാട് ദുബായിൽ അന്തരിച്ചു

ദുബായ്: പ്രമുഖ പിന്നണി ഗായകനും മാപ്പിളപ്പാട്ട് കലാകാരനുമായ നിസാർ വയനാട് (കമ്പളക്കാട്) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലായിരുന്നു അന്ത്യം. പനിയെ തുടർന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച വൈകീട്ടോടെയാണ് വിടവാങ്ങിയത്. മൃതദേഹം ദുബായ് ദേര മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംഗീത പരിപാടികൾക്കായി കഴിഞ്ഞ മാസമാണ് നിസാർ ദുബായിലെത്തിയത്. വരും ദിവസങ്ങളിൽ യുഎഇയിലും സൗദി അറേബ്യയിലുമായി നടക്കാനിരുന്ന വിവിധ സ്റ്റേജ് ഷോകളിൽ പങ്കെടുക്കാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.

മലയാളം, കന്നഡ ഉൾപ്പെടെ മൂന്ന് ഭാഷകളിൽ പിന്നണി ഗായകനായി പ്രവർത്തിച്ചിട്ടുള്ള നിസാർ, ഗൾഫ് നാടുകളിലെ സാംസ്കാരിക വേദികളിലും സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമായിരുന്നു. ‘പ്രഫസർ ഡിങ്കൻ’ എന്ന മലയാള ചിത്രത്തിലും ശ്രദ്ധേയമായ കന്നഡ സിനിമകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിരവധി ജനപ്രിയ മാപ്പിളപ്പാട്ട് ആൽബങ്ങളിൽ പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന് ബോളിവുഡ് ഗായകൻ ഉദിത് നാരായണന്റെ ശബ്ദവുമായി ഉണ്ടായിരുന്ന സാദൃശ്യം ഗാനമേള വേദികളിൽ വലിയ ആരാധകവൃന്ദത്തെ നേടിക്കൊടുത്തു.

വയനാട് കമ്പളക്കാട് ഇറോത്ത് വീട്ടിൽ ഇബ്രായിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: ഷഹന നിസാർ. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *