കണ്ണൂർ: കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന പെൺകുട്ടിയുടെ പരാതിയിൽ എസ്എഫ്ഐ പ്രാദേശിക നേതാവിനെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു. പൈസക്കരി ദേവമാതാ കോളേജിലെ യുയുസിയും എസ്എഫ്ഐ പ്രാദേശിക നേതാവുമായ നവനീതിനെതിരെയാണ് നടപടി. എന്നാൽ, പ്രതിക്കെതിരെ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി ആരോപിച്ച് പെൺകുട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി.
സംഭവം ഇങ്ങനെ:
കഴിഞ്ഞ ഓഗസ്റ്റ് 20-ന് രാത്രി എട്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ ഭിത്തിയിലെ വിടവിലൂടെ ആരോ മൊബൈൽ ഫോൺ പിടിച്ചിരിക്കുന്നത് കണ്ട് പെൺകുട്ടി ബഹളം വെക്കുകയായിരുന്നു. തുടർന്ന് ഓടിയെത്തിയ ബന്ധുക്കൾ പ്രതിയായ നവനീതിനെ തടഞ്ഞുവെച്ചു.
ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ കുളിക്കുന്ന ദൃശ്യങ്ങളും നേരത്തെ വീട്ടുപരിസരത്തുനിന്ന് പകർത്തിയ ചിത്രങ്ങളും കണ്ടെത്തി. ഭയം കാരണം ഈ ദൃശ്യങ്ങളെല്ലാം താൻ ഫോണിൽനിന്ന് ഡിലീറ്റ് ചെയ്യിപ്പിച്ച ശേഷമാണ് പോലീസിനെ സമീപിച്ചതെന്നും പെൺകുട്ടി വ്യക്തമാക്കുന്നു.
പോലീസിന്റെ വിശദീകരണം:
പരാതി ഉയർന്ന ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നതായി ശ്രീകണ്ഠാപുരം പോലീസ് അറിയിച്ചു. എന്നാൽ, കസ്റ്റഡിയിലെടുത്ത ഫോണിൽനിന്ന് പെൺകുട്ടിയുടെ ദൃശ്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് സ്റ്റേഷൻ ജാമ്യം അനുവദിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും, പരിശോധനാ ഫലത്തിൽ ദൃശ്യങ്ങൾ കണ്ടെത്തുകയാണെങ്കിൽ പ്രതിക്കെതിരെ കൂടുതൽ കർശന വകുപ്പുകൾ ചുമത്തുമെന്നും പോലീസ് വ്യക്തമാക്കി.













Leave a Reply