മലപ്പുറം: സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളിലൊന്നിൽ 10 കോടിയിലധികം രൂപ വിലമതിക്കുന്ന 12.8 കിലോഗ്രാം മാരക ലഹരിമരുന്നായ MDMA യുമായി മൂന്നംഗ അന്തർസംസ്ഥാന സംഘത്തെ മലപ്പുറം ജില്ലാ പൊലീസ് പിടികൂടി. കേരളത്തിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വെച്ചാണ് പ്രതികളെ മഞ്ചേരി പൊലീസ് സംഘം വലയിലാക്കിയത്.
അറസ്റ്റിലായവർ:
- മാമ്പ്ര വളപ്പിൽ ജാബിർ അലി (32) – പന്തല്ലൂർ, മലപ്പുറം
- കരിമ്പയിൽ മുഹമ്മദ് സാലിഹ് (34) – മേപ്പാടി, വയനാട്
- ഷെയിം അക്ബർ (21) – ആനക്കയം, മലപ്പുറം
ഓപ്പറേഷന് പിന്നിൽ എസ്.പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വം
മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും മഞ്ചേരി ഇൻസ്പെക്ടർ ടി. ജി. ദിലീപ്, ജില്ലാ ഡാൻസാഫ് (DANSAF) സ്ക്വാഡും ചേർന്നാണ് അതിസാഹസികമായി കോയമ്പത്തൂരിൽ വെച്ച് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ആഴ്ചകൾക്ക് മുൻപ് മഞ്ചേരിയിലെ ഒരു സ്വകാര്യ അപ്പാർട്ട്മെന്റിൽ നടത്തിയ റെയ്ഡിൽ 100 ഗ്രാം MDMA യുമായി ആറംഗ സംഘം പിടിയിലായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് കേരളത്തിനകത്തും പുറത്തും വേരുകളുള്ള വൻ ലഹരി ഇടപാട് ശൃംഖലയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.
ആഡംബര കാറുകളിലെ രഹസ്യ അറകൾ; വൻ നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം
ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലാണ് ഇവർ വലിയ തോതിൽ ലഹരിമരുന്ന് ശേഖരിച്ചു വെച്ചിരുന്നത്. തുടർന്ന് ആഡംബര കാറുകളിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറകളിൽ ഒളിപ്പിച്ചാണ് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും കടത്തിയിരുന്നത്.
തമിഴ്നാട്ടിലെ കോയമ്പത്തൂർ, പളനി, കൊടൈക്കനാൽ തുടങ്ങിയ സ്ഥലങ്ങൾ ലഹരി കൈമാറ്റത്തിനുള്ള പ്രധാന ഇടത്താവളങ്ങളായി ഉപയോഗിച്ച സംഘം, തിരക്കേറിയ നഗരപ്രദേശങ്ങളിൽ വെച്ചാണ് ഇടപാടുകൾ നടത്തിയിരുന്നത്. അന്വേഷണ സംഘത്തിന്റെ കൃത്യമായ നിരീക്ഷണത്തിനൊടുവിൽ കോയമ്പത്തൂർ നഗരത്തിന് സമീപത്തു വെച്ച് സംഘം പിടിയിലാവുകയായിരുന്നു.
കാറിന്റെ ഡോർ പാനലിൽ 100 മുതൽ 500 ഗ്രാം വരെയുള്ള പാക്കറ്റുകൾ
പ്രതികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്റെ ഡോർ പാനലിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലാണ് 12.8 കിലോഗ്രാം MDMA കണ്ടെത്തിയത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിവിധ ജില്ലകളിൽ വിതരണം ചെയ്യാനായി 100 ഗ്രാം മുതൽ 500 ഗ്രാം വരെയുള്ള ചെറിയ പാക്കറ്റുകളായാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്.
ഈ വൻ ലഹരി ശൃംഖലയുടെ പ്രധാന ഉറവിടം, ഇതിന് പിന്നിൽ പ്രവർത്തിച്ച കൂടുതൽ വ്യക്തികൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.













Leave a Reply