ഹാഫ് മന്തിക്കൊപ്പം എക്സ്ട്രാ റൈസ് ചോദിച്ചു, തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്ക് മർദ്ദനം, മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: മന്തിക്കൊപ്പം അധികമായി റൈസ് ചോദിച്ചതിന് സ്കൂൾ വിദ്യാർഥികളെ ഹോട്ടൽ ഉടമയും ജീവനക്കാരും ചേർന്ന് മർദ്ദിച്ചതായി പരാതി. തിരുവനന്തപുരം പേട്ടയിലെ ‘കാപ്പിറ്റൽ മന്തി’ എന്ന ഹോട്ടലിലാണ് സംഭവം. എട്ടാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഹോട്ടൽ ഉടമ ഉൾപ്പെടെ മൂന്ന് പേരെ പേട്ട പോലീസ് കസ്റ്റഡിയിലെടുത്തു.

തർക്കത്തിന് കാരണം ‘ഹാഫ് മന്തി’

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ ഓർഡർ ചെയ്ത ‘ഹാഫ് മന്തി’ക്കൊപ്പം രണ്ടാമതും റൈസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ‘ഫുൾ മന്തി’ക്ക് മാത്രമേ അധികമായി റൈസ് നൽകാൻ സാധിക്കൂ എന്ന് ഹോട്ടൽ ജീവനക്കാർ നിലപാടെടുത്തു. തുടർന്നുണ്ടായ വാക്കുതർക്കമാണ് ഒടുവിൽ കയ്യാങ്കളിയിലും മർദ്ദനത്തിലും കലാശിച്ചത്.

പോലീസിൽ പരാതി; മൂന്നുപേർ കസ്റ്റഡിയിൽ

വിദ്യാർഥികളെ കടയുടമയും മറ്റ് തൊഴിലാളികളും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. വിവരമറിഞ്ഞെത്തിയ കുട്ടികളുടെ ബന്ധുക്കൾ പേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും കടയുടമ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *