കാസർകോട് നായക്‌സ് റോഡിൽ വൻ കുഴികൾ; യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ

കാസർകോട്: നഗരമധ്യത്തിലെ തിരക്കേറിയ നായക്സ് റോഡ് തകർന്ന് തരിപ്പണമായിട്ടും നന്നാക്കാൻ നടപടിയില്ല. റോഡിലെ വലിയ കുഴികളിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നതും വാഹനങ്ങൾ കേടുവരുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. റോഡിൽ നിന്ന് ഉയരുന്ന രൂക്ഷമായ പൊടിപടലങ്ങൾ കാരണം സമീപത്തെ വ്യാപാരികളും കാൽനടയാത്രക്കാരും తీవ్ర ദുരിതത്തിലാണ്.

പ്രധാന യാത്രാമാർഗ്ഗം അവഗണനയിൽ എം.ജി. റോഡ്, ചന്ദ്രഗിരി ജങ്ഷൻ എന്നിവയെ ബാങ്ക് റോഡുമായി ബന്ധിപ്പിക്കുന്ന നഗരത്തിലെ പ്രധാന ഇടറോഡുകളിൽ ഒന്നാണിത്. കാസർകോട് ടൗൺ പോലീസ് സ്‌റ്റേഷൻ, കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്, തിയേറ്ററുകൾ, കേരളാ ബാങ്ക് ജില്ലാ ഓഫീസ്, ബെവ്കോ ഔട്ട്‌ലെറ്റ് തുടങ്ങിയ ഇടങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കുന്ന വഴിയാണിത്. ദേശീയപാതയിലെയും എം.ജി. റോഡിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഭൂരിഭാഗം വാഹനങ്ങളും ആശ്രയിക്കുന്നതും ഈ റോഡിനെയാണ്.

കോൺക്രീറ്റ് ഇളകി രൂപപ്പെട്ടത് വൻ ഗർത്തങ്ങൾ കഴിഞ്ഞ മാർച്ച് മാസത്തിൽ കോൺക്രീറ്റ് ചെയ്ത് നവീകരിച്ച റോഡാണിത്. എന്നാൽ പണി പൂർത്തിയായി ദിവസങ്ങൾക്കകം ഗെയിൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡ് വീണ്ടും കുത്തിപ്പൊളിച്ചു. പിന്നീട് അറ്റകുറ്റപ്പണി നടത്തിയെങ്കിലും രണ്ടുമാസം പോലും ആയുസ്സുണ്ടായില്ല. നിലവിൽ 50 മീറ്ററോളം ദൂരത്തിൽ ഒരു ചാണിലധികം ആഴത്തിലാണ് കോൺക്രീറ്റ് തകർന്ന് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇതുവഴിയുള്ള യാത്ര നടുവൊടിക്കുന്നതാണെന്ന് ഓട്ടോ ഡ്രൈവർമാരും പരാതിപ്പെടുന്നു.

വീതിക്കുറവും വെളിച്ചമില്ലായ്മയും ഭീഷണിയാകുന്നു കഷ്ടിച്ച് രണ്ട് ഓട്ടോറിക്ഷകൾക്ക് മാത്രം കടന്നുപോകാൻ കഴിയുന്ന വീതിയാണ് റോഡിനുള്ളത്. റോഡരികിലെ ഓവുചാലിന് മുകളിൽ സ്ലാബുകൾ സ്ഥാപിച്ചാൽ റോഡിന് കുറച്ചുകൂടി വീതി ലഭിക്കുമെന്നും വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാമെന്നും നാട്ടുകാർ പറയുന്നു.

വൈകുന്നേരങ്ങളിൽ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന റോഡിൽ സന്ധ്യ മയങ്ങിയാൽ തെരുവുവിളക്കുകൾ പോലുമില്ലാത്ത അവസ്ഥയാണ്. റോഡരികിലെ കാടുകളിൽ നിന്ന് പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സ്ത്രീകളടക്കമുള്ള ജീവനക്കാർ ഭയത്തോടെയാണ് രാത്രി ഇതുവഴി നടന്നുപോകുന്നത്. പരാതികൾ നിരന്തരം നൽകിയിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ നാട്ടുകാരിലും വ്യാപാരികളിലും അമർഷം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *