19-കാരനെ കാറിൽ തട്ടിക്കൊണ്ടുപോയി പണം തട്ടിയ സംഭവം: പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടി

ചട്ടഞ്ചാൽ: 19-കാരനായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടംകുഴി എസ്.പി നഗർ സ്വദേശി സൈനുൽ ആബിദ് (34) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കോടംകൈ സ്വദേശിയായ കെ.എ. മുഹമ്മദ് അൻസിനെ (19) തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിലാണ് നടപടി. കഴിഞ്ഞ ആഗസ്റ്റ് 24-ന് രാത്രി ഒമ്പത് മണിയോടെ കളനാട് തായലിൽ വെച്ചായിരുന്നു സംഭവം. അൻസിനെ കാറിൽ ബലമായി പിടിച്ചുകയറ്റിയ പ്രതികൾ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് സുഹൃത്തായ സാബത്തിന് നൽകാനാണെന്ന് പറഞ്ഞ് യുവാവിനെക്കൊണ്ട് 20,000 രൂപ ഗൂഗിൾ പേ (Google Pay) വഴി ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയും ചെയ്തു.

പ്രതി ചെട്ടംകുഴിയിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പിടികൂടാനെത്തിയ മേൽപ്പറമ്പ് എസ്.ഐ ടി. അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ കണ്ട് സൈനുൽ ആബിദ് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വാഹനം തടഞ്ഞപ്പോൾ കാറിൽ നിന്നിറങ്ങി ഓടിയ പ്രതിയെ പൊലീസ് സംഘം പിന്തുടർന്നാണ് സാഹസികമായി കീഴടക്കിയത്.

സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രമോദ്, ചന്ദ്രകാന്ത്, സജിത്ത് എന്നിവരും ഡാൻസാഫ് (DANSAF) സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട മറ്റൊരാളെക്കൂടി കണ്ടെത്താനുണ്ടെന്നും ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *