ഭാരത് മാതാ കോളേജ് മോർഫിങ് കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം; ചിത്രങ്ങൾ വിറ്റത് പണം വാങ്ങി

കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിൽ അധ്യാപകരുടെയും സഹപാഠികളായ വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുന്നതിനായി തൃക്കാക്കര സിഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. സൈബർ പൊലീസ് വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് സംഘം രൂപീകരിച്ചിരിക്കുന്നത്.

മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പിന്നിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ചും സംഘം വിശദമായി അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട് കോളേജിലെ വിദ്യാർത്ഥിയായ ശ്രീഹരിയെ തൃക്കാക്കര പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

ടെലഗ്രാം വഴി വിറ്റത് പണം വാങ്ങി

സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന നടത്തി ഇയാൾ പണം സമ്പാദിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. പ്രതിയുടെ ഫോണിൽ പകർത്തിയ ചിത്രങ്ങൾ ടെലഗ്രാം ചാറ്റിലേക്ക് അയച്ചുകൊടുക്കുകയും, തുടർന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ തിരികെ വാങ്ങുകയും ചെയ്തതിന്റെ തെളിവുകൾ ഫോൺ പരിശോധനയിൽ കണ്ടെത്തി.

പൊലീസ് സാന്നിധ്യത്തിൽ സഹപാഠികൾ ശ്രീഹരിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി ടെലഗ്രാമിൽ പ്രത്യേക ഗ്രൂപ്പുകൾ പ്രവർത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ കൂടുതൽ വ്യക്തതയോടെ ശേഖരിക്കുന്നതിനായി ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും.

സംഘടനയിൽ നിന്നും കോളേജിൽ നിന്നും പുറത്താക്കി

ഭാരത് മാതാ കോളേജിലെ കെഎസ്‌യു മീഡിയ കമ്മിറ്റി അംഗമായിരുന്ന ശ്രീഹരിയെ സംഭവം പുറത്തുവന്നതിന് പിന്നാലെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി കെഎസ്‌യു നേതൃത്വം അറിയിച്ചു. അതേസമയം, പരാതി ഉയർന്ന സാഹചര്യത്തിൽ ഈ മാസം ഒന്നാം തീയതി തന്നെ വിദ്യാർത്ഥിയെ കോളേജിൽ നിന്ന് പുറത്താക്കിയതാണെന്നും, ഇയാൾ പരീക്ഷ എഴുതിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കോളേജ് പ്രിൻസിപ്പൽ സൗമ്യ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *