തലശ്ശേരി: എക്സൈസ് സർക്കിൾ ഓഫീസിൽ അതിക്രമിച്ചുകയറി അസിസ്റ്റന്റ് എക്സൈസ് ഗ്രേഡ് ഇൻസ്പെക്ടറെ മർദിച്ച കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. പെരളശ്ശേരി ബാലസദനത്തിൽ കെ.സി. ഷിബുവിനെ (52) ആക്രമിച്ച സംഭവത്തിൽ ഇരിട്ടി കരിക്കോട്ടക്കരി മുല്ലപ്പള്ളി ഹൗസിൽ മുഹമ്മദ് കൈഫ് (29), മാങ്ങാട്ടിടം അമ്പിലാട് തുഷാരത്തിൽ എം.പി. അശ്വിൻ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ചിറക്കരയിലുള്ള തലശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു നാടകീയ സംഭവങ്ങൾ. നേരത്തെയുള്ള ഒരു കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിച്ചാണ് മുഹമ്മദ് കൈഫ് ഓഫീസിലെത്തിയത്. ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഉദ്യോഗസ്ഥൻ എഴുതി നൽകുന്നതിനിടെ ഒപ്പമെത്തിയ അശ്വിൻ ഇൻസ്പെക്ടറെ പിടിച്ചുതള്ളുകയായിരുന്നു. തുടർന്ന് മുഹമ്മദ് കൈഫ് കസേര ഉപയോഗിച്ച് ഉദ്യോഗസ്ഥന്റെ തലയുടെ പിൻഭാഗത്ത് ആഞ്ഞടിച്ചു. കുടുംബത്തെ ഉൾപ്പെടെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നു.
ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത് പരിക്കേൽപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 22-ന് അഞ്ചു ഗ്രാം കഞ്ചാവുമായി മുഹമ്മദ് കൈഫിനെ തലശ്ശേരി കണ്ടിക്കലിൽ വെച്ച് എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇതിൽ കേസ് എടുത്തതിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.
















Leave a Reply