യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ സംഭവം: എസ്എഫ്ഐ നേതാവ് നവനീതിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി

കണ്ണൂർ: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിൽ എസ്എഫ്ഐ നേതാവ് കെ. നവനീതിനെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പൈസക്കരി ദേവമാതാ കോളേജ് യുയുസി ആണ് നവനീത്. പരാതിക്കാരിക്ക് ആവശ്യമായ എല്ലാ നിയമസഹായങ്ങളും നൽകുമെന്ന് സിപിഎം ചുഴലി ലോക്കൽ കമ്മിറ്റി അറിയിച്ചു.

കഴിഞ്ഞ ആഗസ്റ്റ് 20-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുകയായിരുന്ന യുവതി, ഭിത്തിയിലെ വിടവിലൂടെ മൊബൈൽ ഫോൺ ക്യാമറ ശ്രദ്ധയിൽപ്പെട്ടതോടെ ബഹളം വയ്ക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നവനീതിനെ തടഞ്ഞുവെച്ചു.

തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ യുവതിയുടെ കുളിമുറി ദൃശ്യങ്ങളും, മുൻപ് യുവതിയുടെ വീടിന് സമീപത്തുനിന്ന് പകർത്തിയ മറ്റു ചില ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടെത്തുകയായിരുന്നു. നാട്ടുകാർ ഇടപെട്ട് ഈ ദൃശ്യങ്ങളെല്ലാം ഫോണിൽ നിന്ന് അപ്പോൾ തന്നെ നീക്കം ചെയ്യിച്ച ശേഷമാണ് ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകിയത്.

പരാതി നൽകിയ സമയത്ത് ഫോണിൽ ദൃശ്യങ്ങൾ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പ്രതിയായ നവനീതിനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. തുടർന്ന് ഇയാളുടെ ഫോൺ ശാസ്ത്രീയ തെളിവെടുപ്പിനായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഫോറൻസിക് പരിശോധനയിലൂടെ മായ്ച്ചു കളഞ്ഞ ദൃശ്യങ്ങൾ വീണ്ടെടുക്കാനായാൽ പ്രതിക്കെതിരെ കൂടുതൽ കർശനമായ വകുപ്പുകൾ ചുമത്താനാണ് പൊലീസിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *