നീലേശ്വരം: ജില്ലാ ആയുർവേദ ആശുപത്രി കെട്ടിടത്തിൽ സ്ഥാപിച്ച വലയിൽ കുടുങ്ങി അവശനിലയിലായ അപൂർവ ഇനത്തിൽപ്പെട്ട വെള്ളിമൂങ്ങയ്ക്ക് (Barn Owl) ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ പുതുജീവൻ. പടന്നക്കാട്ടെ ആശുപത്രി കെട്ടിടത്തിലേക്ക് പ്രാവുകൾ കയറാതിരിക്കാനായി സ്ഥാപിച്ചിരുന്ന സുരക്ഷാവലയിലാണ് മൂങ്ങ കുരുങ്ങിയത്.
ഭക്ഷണവും വെള്ളവുമില്ലാതെ രണ്ടു ദിവസത്തോളമാണ് മൂങ്ങ വലയ്ക്കുള്ളിൽ കുടുങ്ങിക്കിടന്നത്. ആശുപത്രി കെട്ടിടത്തിന് മുകളിലെ വലയിൽ അനക്കം കണ്ട് സംശയം തോന്നിയ ആശുപത്രി ജീവനക്കാരൻ രതീഷ്, തെറാപ്പിസ്റ്റ് റോജിത് കെ.വി എന്നിവർ നടത്തിയ പരിശോധനയിലാണ് അവശനിലയിലായ വെള്ളിമൂങ്ങയെ കണ്ടെത്തിയത്. തുടർന്ന് ഏറെ പണിപ്പെട്ട് ഇരുവരും ചേർന്ന് പക്ഷിയെ സുരക്ഷിതമായി വലയിൽ നിന്ന് താഴെയിറക്കുകയായിരുന്നു.
പ്രാഥമിക പരിചരണങ്ങൾ നൽകിയ ശേഷം ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ ജീവനക്കാരായ റോജിത്, രതീഷ് എന്നിവർ ചേർന്ന് വെള്ളിമൂങ്ങയെ വനംവകുപ്പ് റെസ്ക്യൂവർ സുനിൽ സുരേന്ദ്രന് കൈമാറി. ആവശ്യമായ തുടർചികിത്സയ്ക്കും പരിചരണങ്ങൾക്കും ശേഷം വെള്ളിമൂങ്ങയെ സുരക്ഷിതമായി ഉൾവനത്തിലേക്ക് തുറന്നുവിടുമെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.















Leave a Reply