ബ്രിക്സ് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ സംഘർഷാവസ്ഥ, ഊർജസുരക്ഷ, ചരക്കുകപ്പലുകളുടെ സുഗമമായ സഞ്ചാരം തുടങ്ങി നിരവധി നിർണായക വിഷയങ്ങൾ ചർച്ചയായി.

പ്രതികൂല ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ഉച്ചകോടിയിൽ പങ്കെടുക്കാൻ നേരിട്ടെത്തിയ ഇറാൻ പ്രസിഡന്റിനെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ഇറാൻ പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള മസൂദ് പെസെഷ്കിയന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

പശ്ചിമേഷ്യയിൽ ഇറാൻ-യുഎസ് സംഘർഷം വീണ്ടും ശക്തമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നയതന്ത്ര കൂടിക്കാഴ്ച നടന്നത്. മേഖലയിലെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണാൻ സൈനിക നടപടികൾക്കപ്പുറം സമാധാനപരമായ ചർച്ചകളും നയതന്ത്ര നീക്കങ്ങളുമാണ് ആവശ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

മേഖലയിലൂടെ കടന്നുപോകുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്ക് രാജ്യം പരമമായ മുൻഗണന നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ ഓർമിപ്പിച്ചു. ആഗോള ഊർജസുരക്ഷ സുപ്രധാന വിഷയമാണെന്നും, പശ്ചിമേഷ്യൻ കടൽപാതകളിലൂടെ ചരക്കുകളുമായി പോകുന്ന കപ്പലുകൾക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ സഞ്ചാരപാത ഉറപ്പാക്കണമെന്നും ഇന്ത്യ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *