ഭാര്യാസഹോദരനെ കൊലപ്പെടുത്തിയ കേസ്: 16 വർഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി ഉപ്പളയിൽ അറസ്റ്റിൽ

കാസർകോട്: 16 വർഷം മുമ്പ് ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി കാസർകോട് ഉപ്പളയിൽ പിടിയിലായി. കണ്ണൂർ വാഴയിൽ സ്വദേശി മുഹമ്മദ് അലി (55)യെയാണ് കണ്ണൂർ സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഉപ്പളയിൽ മറ്റൊരു വിവാഹം കഴിച്ച് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ.

2010 സെപ്റ്റംബർ 17-നാണ് കേസിനാസ്പദമായ സംഭവം. പറശ്ശിനിക്കടവ് മാങ്കടവിലെ മൊയ്തുവിന്റെ മകനും തന്റെ ഭാര്യാസഹോദരനുമായ ജലാലിനെയാണ് (ജലീൽ) മുഹമ്മദ് അലി കുത്തിക്കൊലപ്പെടുത്തിയത്. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ ജലാലിന്റെ സഹോദരൻ ഷംസീറിനും സാരമായി പരിക്കേറ്റിരുന്നു.

സംഭവത്തിൽ അന്ന് വളപട്ടണം പൊലീസ് മുഹമ്മദ് അലിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി ഇയാൾ മുങ്ങുകയായിരുന്നു. തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കൊലപാതകത്തിന് ശേഷം സ്വന്തം കുടുംബവുമായി യാതൊരു ബന്ധവും പുലർത്താതിരുന്ന മുഹമ്മദ് അലി, കർണാടകയിലും കേരളത്തിലെ വിവിധ ഭാഗങ്ങളിലുമായി ഒളിവിൽ കഴിഞ്ഞു. ഇതിനിടയിൽ ഫുട്പാത്ത് കച്ചവടക്കാരനായും പാചകക്കാരനായും ജോലി നോക്കി വരികയായിരുന്നു.

പൊലീസിന്റെ ‘ഓപ്പറേഷൻ ഗ്രിപ്പ്’ പദ്ധതിയുടെ ഭാഗമായി നടത്തിയ ഊർജിതമായ അന്വേഷണമാണ് ഒടുവിൽ പ്രതിയെ കുടുക്കിയത്. കണ്ണൂർ ഡിഐജി കെ. കാർത്തിക്, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭരത് റെഡ്ഡി എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ എസിപി വി.വി. മനോജ്, ടൗൺ എസിപി എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

പ്രതി കാസർകോട് ജില്ലയിലെവിടെയോ ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉപ്പളയിൽ മറ്റൊരു വിവാഹം കഴിച്ച് കുടുംബമായി കഴിയുന്ന വിവരം ലഭിക്കുന്നത്. തുടർന്ന് വീട് വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്ഐമാരായ വിനോദ്, ഷാജി, എഎസ്ഐമാരായ സ്നേഹേഷ്, സജിത്ത്, ലെവൻ, സിവിൽ പൊലീസ് ഓഫീസർമാരായ നാസർ, അനൂപ്, ഷംസീത് അഹമ്മദ് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *