ഉദിനൂരിൽ വീട്ടിൽ ഒളിപ്പിച്ച ആറരക്കിലോ കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിൽ

കാസർകോട്: ഉദിനൂർ മാച്ചിക്കാട്ടെ വീട് കേന്ദ്രീകരിച്ച് ഒളിപ്പിച്ചുവെച്ച വൻ കഞ്ചാവ് ശേഖരം എക്സൈസ് സംഘം പിടികൂടി. ആറരക്കിലോയിലധികം കഞ്ചാവുമായി കൊക്കാക്കടവ് സ്വദേശി ടി.ആർ. മണി (57) ആണ് എക്സൈസിന്റെ പിടിയിലായത്.

എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് (IB) ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു പരിശോധന. ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.വി. പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മാച്ചിക്കാട്ടെ സി. ധനം എന്ന സ്ത്രീയും കുടുംബവും താമസിക്കുന്ന വീട്ടിലെത്തി നടത്തിയ റെയ്ഡിലാണ് 6.520 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.

തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കഞ്ചാവ് ഒളിപ്പിച്ചുവെച്ചതിനു പിന്നിൽ ടി.ആർ. മണിയാണെന്ന് വ്യക്തമാവുകയും ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പിടിയിലായ മണിക്കെതിരെ മുൻപും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആന്ധ്രാപ്രദേശിൽ നിന്നാണ് വിൽപനയ്ക്കായി ഈ കഞ്ചാവ് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് എക്സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കാസർകോട് ഇ.ഐ. ആൻഡ് ഐ.ബി. എക്സൈസ് ഇൻസ്പെക്ടർ കെ. സുബിൻരാജ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.വി. മുരളി, പ്രിവന്റീവ് ഓഫീസർ സാജൻ അപ്യാൽ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ (ഗ്രേഡ്) എം.വി. സുമോദ് കുമാർ, ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ എം. ശ്യാംജിത്ത്, ഹോസ്ദുർഗ് സ്ട്രൈക്കിങ്ങ് പാർട്ടിയിലെ പ്രിവന്റീവ് ഓഫീസർ വി. പ്രശാന്ത് കുമാർ, പി. ശുഭ, ഡ്രൈവർ സുധീർ കുമാർ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *