കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടത്തിൽ കാറിന്റെ അമിതവേഗത സ്ഥിരീകരിച്ചു. കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യ നടത്തിയ സാങ്കേതിക പരിശോധനയിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
അപകടത്തിന് അഞ്ച് സെക്കൻഡ് മുൻപ് വരെ കാർ മണിക്കൂറിൽ 162 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. സ്കൂട്ടറിലേക്ക് ഇടിച്ചുകയറുന്ന സമയത്ത് വാഹനത്തിന് 144 കിലോമീറ്റർ വേഗതയുണ്ടായിരുന്നുവെന്നും പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാറിലെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ (ACSM) നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിഎംഡബ്ല്യു റിപ്പോർട്ട് തയ്യാറാക്കി അന്വേഷണ സംഘത്തിന് കൈമാറിയത്. അപകടത്തിന് കേവലം ഒരു സെക്കൻഡ് മുൻപ് മാത്രമാണ് ഡ്രൈവർ ബ്രേക്ക് പ്രയോഗിച്ചതെന്നും കണ്ടെത്തലുണ്ട്.
ഒക്ടോബർ 10ന് പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. മദ്യലഹരിയിൽ സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ മൂന്ന് പേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലിടിക്കുകയായിരുന്നു. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
തൃക്കാക്കരയിലെ കരകൗശല വിൽപനശാലയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന വിദ്യാർത്ഥികളായിരുന്നു മരിച്ച മൂന്നുപേരും. സ്ഥാപനത്തിലെ മറ്റ് സഹപ്രവർത്തകർക്കൊപ്പം രാത്രി ചായ കുടിച്ച് മടങ്ങുന്നതിനിടെയാണ് നെടുമ്പാശ്ശേരിയിൽ വെച്ച് അമിതവേഗതയിലെത്തിയ കാർ ഇവരുടെ സ്കൂട്ടറിലേക്ക് പാഞ്ഞുകയറിയത്.















Leave a Reply