ലോഡ്‌ജ് മുറിയിൽ അതിക്രമിച്ചു കയറി യുവാവിനെയും യുവതിയെയും ആക്രമിച്ച് കവർച്ച; പതിനേഴുകാരനടക്കം മൂന്നുപേർ കാസർകോട് അറസ്റ്റിൽ

കാസർകോട്: ലോഡ്‌ജ് മുറിയിൽ അതിക്രമിച്ചു കയറി യുവാവിനെയും പെൺസുഹൃത്തിനെയും ആക്രമിച്ച് സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പെടെ മൂന്നുപേരെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. മധൂർ എസ്.പി നഗറിലെ ക്വാർട്ടേഴ്‌സിൽ താമസക്കാരനും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ സാബിത്ത് (30), നായന്മാർമൂല അക്കരപ്പള്ളത്തെ അമീർ അലി (30), 17 വയസ്സുള്ള കൗമാരക്കാരൻ എന്നിവരാണ് അറസ്റ്റിലായത്.

രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പനത്തടി കോളിച്ചാൽ പാറക്കടവ് സ്വദേശിയായ കെ.എ. മുഹമ്മദ് ഉദൈഫ് (22), ഒപ്പമുണ്ടായിരുന്ന പെൺസുഹൃത്ത് എന്നിവരാണ് അക്രമത്തിന് ഇരയായത്. ബുധനാഴ്ച വൈകുന്നേരം 4.30 നും രാത്രി 8 മണിക്കും ഇടയിലാണ് സംഭവം നടന്നത്.

കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്‌ജിലെ 107-ാം നമ്പർ മുറിയിൽ എത്തിയതായിരുന്നു പരാതിക്കാരനും സുഹൃത്തും. മുറിയിലേക്ക് അതിക്രമിച്ചു കയറിയ പ്രതികൾ മുഹമ്മദ് ഉദൈഫിനെ മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. തുടർന്ന് ഒപ്പമുണ്ടായിരുന്ന യുവതിയുടെ ഒരു ജോടി കമ്മൽ ഭീഷണിപ്പെടുത്തി ഊരിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ മുഹമ്മദ് ഉദൈഫിന്റെ എ.ടി.എം കാർഡ് കൈക്കലാക്കി 10,000 രൂപ പിൻവലിച്ച് തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത കാസർകോട് ടൗൺ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *