വീടിനടിയിലെ കൂറ്റൻ ഗുഹ: 72 മീറ്റർ നീളവും അഞ്ചര മീറ്റർ വ്യാസവും; കാരണം കുഴലീകൃത മണ്ണൊലിപ്പെന്ന് വിദഗ്ധ സംഘം

ബന്തടുക്ക: കുറ്റിക്കോൽ പഞ്ചായത്തിലെ കരിവേടകം വില്ലേജിൽപ്പെട്ട ആനക്കല്ല് ഒറ്റമാവുകാലിൽ പുതുതായി നിർമിച്ച വീടിനടിയിൽ രൂപപ്പെട്ട കൂറ്റൻ ഗുഹയ്ക്ക് 72 മീറ്റർ നീളവും ശരാശരി അഞ്ചര മീറ്റർ വ്യാസവുമുണ്ടെന്ന് കണ്ടെത്തൽ. തിരുവനന്തപുരം ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ (NCESS) ശാസ്ത്രജ്ഞരടങ്ങിയ വിദഗ്ധ സംഘം നടത്തിയ വിശദമായ പരിശോധനയിലാണ് ഈ നിർണായക വിവരങ്ങൾ വ്യക്തമായത്.

ഗ്രൗണ്ട് പെനട്രേഷൻ റഡാർ (GPR) സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലവും ഗുഹയുടെ ഉൾഭാഗവും പരിശോധിച്ചു. ചില ഭാഗങ്ങളിൽ ഗുഹയ്ക്ക് ആറുമീറ്ററിലധികവും മറ്റ് ചിലയിടങ്ങളിൽ അഞ്ചുമീറ്ററോളവും വ്യാസമുണ്ട്. ശാസ്ത്രലോകത്ത് ‘സോയിൽ പൈപ്പിങ്’ (Soil Piping) എന്നറിയപ്പെടുന്ന കുഴലീകൃത മണ്ണൊലിപ്പാണ് ഗുഹ രൂപപ്പെടാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

തുടർപഠനം വേനൽക്കാലത്ത്

ഞായറാഴ്ച രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് രണ്ടു വരെ സംഘം പ്രദേശത്ത് പരിശോധന നടത്തി. ഗുഹയ്ക്കുള്ളിൽ ഇപ്പോഴും തുടരുന്ന മണ്ണിടിച്ചിൽ കാരണം വീട് വാസയോഗ്യമല്ലെന്ന് സംഘം വിലയിരുത്തി. വേനൽ കടുക്കുമ്പോൾ ഗുഹയ്ക്കുള്ളിലെ മണ്ണൊഴുക്ക് കുറയുമെന്നതിനാൽ ആ സമയത്ത് വീണ്ടും സ്ഥലത്തെത്തി കൂടുതൽ പഠനം നടത്തുമെന്ന് വിദഗ്ധർ അറിയിച്ചു.

സബ്ജക്ട് എക്സ്പർട്ട് സീനിയർ സയന്റിസ്റ്റ് ജി. ശങ്കർ, ഡോ. ശ്രാവൺകുമാർ, തട്ടിക്കോണ്ട സുരേഷ് കുമാർ, ഡോ. പ്രാൻഷു മിശ്ര, എൽദോസ് കുര്യാക്കോസ്, ഡോ. പൗഞ്ചമി എന്നിവരടങ്ങിയ സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്.

ഗുഹ കണ്ടെത്തിയത് ഗൃഹപ്രവേശത്തിന് തൊട്ടുമുമ്പ്

ഒറ്റമാവുകാലിലെ കെ. സദന്റെ ഉടമസ്ഥതയിലുള്ള 1350 ചതുരശ്രയടി വിസ്തീർണമുള്ള ഒറ്റനില കോൺക്രീറ്റ് വീടിനടിയിലാണ് ഈ പ്രതിഭാസം ഉണ്ടായത്. ഓഗസ്റ്റ് 28-നായിരുന്നു വീടിന്റെ ഗൃഹപ്രവേശം തീരുമാനിച്ചിരുന്നത്. എന്നാൽ ചടങ്ങിന് ദിവസങ്ങൾക്ക് മുൻപ് വീടിന്റെ പിൻഭാഗത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ശൗചാലയത്തിന് കുഴി നിർമിക്കുന്നതിനിടെയാണ് ഭൂഗർഭ ഗർത്തം ശ്രദ്ധയിൽപ്പെട്ടത്.

കുഴി രണ്ട് മീറ്റർ താഴ്ചയിലെത്തിയപ്പോൾ മണ്ണ് താഴേക്ക് പതിച്ച് ഗർത്തം രൂപപ്പെടുകയായിരുന്നു. ഉടൻ മണ്ണிட்டு മൂടിയെങ്കിലും, വീണ്ടും വിസ്താരത്തിലും ആഴത്തിലും ഇടിഞ്ഞ് വലിയ ഗുഹയായി മാറുകയായിരുന്നു.

ഗുഹയിലൂടെ കുത്തിയൊഴുകുന്നത് ശക്തമായ നീരൊഴുക്ക്

കുന്നിൻ പ്രദേശമായ ഇവിടെ വീടിന്റെ മുൻഭാഗം വടക്കോട്ടും പിൻഭാഗം തെക്കോട്ടുമെന്ന ചരിഞ്ഞ ഘടനയിലാണ് സ്ഥിതി ചെയ്യുന്നത്. തെക്കുഭാഗത്തുനിന്നാണ് ഗുഹയ്ക്കുള്ളിലൂടെ വെള്ളം കുത്തിയൊഴുകുന്നത്. ശക്തമായ മഴ പെയ്യുമ്പോൾ ഒഴുക്കിന്റെ വേഗത വർധിക്കുകയും വീടിന് 150 മീറ്ററോളം അകലെയുള്ള തോട്ടത്തിലെ കുളത്തിലേക്ക് ഈ വെള്ളം ഒഴുകിയെത്തുകയും ചെയ്യുന്നുണ്ട്.

മണ്ണിടിച്ചിൽ രൂക്ഷമായതോടെ പ്രതിസന്ധിയിലായ സദനെയും കുടുംബത്തെയും സഹായിക്കാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *