സർവീസ് റോഡ് വൺവേയാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം

കാസർകോട്: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന പേരിൽ കാസർകോട് ടൗൺ മുതൽ നായന്മാർമൂല വരെയുള്ള ദേശീയപാത 66-ന്റെ സർവീസ് റോഡ് വൺവേയാക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. റോഡ് വൺവേയാക്കാൻ നഗരസഭാ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനമെടുക്കുകയും ജില്ലാ റോഡ് സേഫ്റ്റി അതോറിറ്റിക്ക് ശുപാർശ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, സർവീസ് റോഡിൽ നിലവിലുള്ളതുപോലെ ഇരുവശത്തേക്കുമുള്ള (ടു-വേ) ഗതാഗത സംവിധാനം തന്നെ നിലനിർത്തണമെന്നാണ് നാട്ടുകാരുടെയും വിവിധ റെസിഡന്റ്സ് അസോസിയേഷനുകളുടെയും കർമസമിതിയുടെയും ആവശ്യം.

കാസർകോട് നഗരഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ചെർക്കള ഭാഗത്തേക്കുള്ള യാത്രയിൽ ദേശീയപാതയിലേക്ക് പ്രവേശിക്കാൻ നുള്ളിപ്പാടിയിൽ എൻട്രി അനുവദിക്കുമെന്ന ജില്ലാ ഭരണകൂടത്തിന്റെ മുൻ പ്രഖ്യാപനവും മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പായിട്ടില്ല. സ്ഥലപരിശോധന നടത്തി ഉറപ്പുനൽകിയ പ്രവേശനകവാടം യാഥാർഥ്യമാക്കാത്തതിൽ ശക്തമായ ജനരോഷമുണ്ട്. നഗരത്തിൽനിന്ന് ചെർക്കള ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബി.സി. റോഡ് കഴിഞ്ഞുള്ള പ്രവേശനകവാടത്തിലൂടെ മാത്രമാണ് നിലവിൽ ദേശീയപാതയിലേക്ക് കയറുന്നത്.

ഇതിനായി വാഹനങ്ങൾക്ക് തിരക്കേറിയ റോഡുകളിലൂടെ ഏറെദൂരം സഞ്ചരിക്കേണ്ടി വരുന്നത് രാവിലെയും വൈകിട്ടും വലിയ ഗതാഗതക്കുരുക്കിന് വഴിവെക്കുന്നുണ്ട്. ഇതിനുപുറമെ, നുള്ളിപ്പാടിയിൽ അനുവദിച്ച കാൽനട മേൽപ്പാലത്തിന്റെ പണിയും ഇതുവരെ തുടങ്ങിയിട്ടില്ല.

സർവീസ് റോഡ് വൺവേ സംവിധാനത്തിലേക്ക് മാറ്റാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർവകക്ഷി യോഗം ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി. ദേശീയപാതാ വിഭാഗം അംഗീകരിച്ച അലൈൻമെന്റിൽ സർവീസ് റോഡിലൂടെ ഇരുഭാഗത്തേക്കും വാഹനസഞ്ചാരത്തിന് അനുമതിയുണ്ടായിരുന്നു എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. മുൻപ് നുള്ളിപ്പാടിയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരം നടന്നിരുന്നു. അന്ന് സർവീസ് റോഡുകളിൽ ടു-വേ അനുവദിക്കുമെന്ന നിർമാണക്കമ്പനിയായ യു.എൽ.സി.സി.യുടെ ഉറപ്പിന്മേലാണ് കേസും സമരവും അവസാനിപ്പിച്ചിരുന്നത്. ഈ ഉറപ്പ് ലംഘിക്കപ്പെടുകയാണെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.

അണങ്കൂരിൽ കുരുക്ക് മുറുകും

നിലവിൽ പുതിയ ബസ് സ്റ്റാൻഡിന് ശേഷം അടുത്ത അടിപ്പാതയുള്ളത് അണങ്കൂരിലാണ്. ഇടുങ്ങിയ ഈ അടിപ്പാതയിലൂടെ ഇപ്പോൾത്തന്നെ വാഹനങ്ങൾ കടന്നുപോകാൻ വൻ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. വൺവേ സംവിധാനം വന്നാൽ പുതിയ ബസ് സ്റ്റാൻഡിൽനിന്നും അണങ്കൂരിൽനിന്നും ഇരുവശങ്ങളിലേക്കും പോകുന്ന മുഴുവൻ വാഹനങ്ങളും ഈ ഇടുങ്ങിയ വഴിയെ ആശ്രയിക്കേണ്ടിവരും. ഇത് ബസ് സർവീസുകൾ ഉൾപ്പെടെയുള്ള ഗതാഗതത്തെ പൂർണമായി സ്തംഭിപ്പിക്കുമെന്നും നിവേദനത്തിൽ പറയുന്നു.

സർവീസ് റോഡുകളിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതും മറ്റ് നിയമലംഘനങ്ങളും കർശനമായി തടഞ്ഞാൽ നിലവിലെ ടു-വേ സംവിധാനം കാര്യക്ഷമമായി തുടരാൻ കഴിയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പ്രശ്നത്തിൽ അധികൃതർ ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണ് കർമസമിതിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *