കാസർകോട്: കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ച എം.ജി റോഡ് പൂർവസ്ഥിതിയിലാക്കാതെ സിമൻ്റ് പൊടി വിതറിയതിൽ പ്രതിഷേധിച്ച് വ്യാപാരികൾ റോഡ് ഉപരോധിച്ചു. കാസർകോട് മർച്ചൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു ഉപരോധ സമരം.
മാസങ്ങൾക്ക് മുൻപാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് കുത്തിപ്പൊളിച്ചത്. എന്നാൽ കാലവർഷം കഴിഞ്ഞിട്ടും റോഡ് റീടാറിങ് നടത്തി ഗതാഗതയോഗ്യമാക്കാൻ അധികൃതർ തയ്യാറായില്ല. ഇതിനിടെ, കഴിഞ്ഞ ഞായറാഴ്ച അറ്റകുറ്റപ്പണിക്കെന്ന പേരിൽ വീണ്ടും റോഡിൽ കുഴിയെടുത്തു. തുടർന്ന് ഈ കുഴികൾ മൂടാൻ ടാറിങ് നടത്തുന്നതിന് പകരം സിമൻ്റ് പൊടിയും മണ്ണും വിതറുകയായിരുന്നു.
ഇതോടെ എം.ജി റോഡിൽ പൊടിശല്യം രൂക്ഷമായി. വാഹനങ്ങൾ കടന്നുപോകുമ്പോൾ വൻതോതിൽ പൊടിപടലങ്ങൾ ഉയരുന്നത് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് അടിച്ചുകയറുന്ന അവസ്ഥയാണ്. കടകൾക്കുള്ളിൽ പൊടി നിറയുന്നതിനാൽ കച്ചവടം നടത്താൻ പോലും കഴിയുന്നില്ലെന്ന് വ്യാപാരികൾ ആരോപിച്ചു. കാൽനടയാത്രക്കാരും സമീപവാസികളും ശ്വാസംമുട്ടിക്കുന്ന പൊടിശല്യം കാരണം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകളുടെ തികഞ്ഞ അനാസ്ഥയും കരാറുകാരൻ്റെ നിരുത്തരവാദപരമായ സമീപനവുമാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി.
റോഡ് ഉപരോധത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടതോടെ പോലീസ് സ്ഥലത്തെത്തി വ്യാപാരികളുമായി ചർച്ച നടത്തി. പൊടിശല്യം ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ ടാങ്കർ ലോറിയിൽ വെള്ളം തളിക്കാൻ കരാറുകാരൻ തയ്യാറാകുമെന്ന് പോലീസ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ തുടർപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് മുന്നറിയിപ്പ് നൽകി.













Leave a Reply