കോട്ടക്കല്ലിൽ കാറുകൾ കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശിനി മരിച്ചു; ഭർത്താവിനും മകനും ഡ്രൈവർക്കും പരിക്ക്

കോട്ടക്കൽ: മലപ്പുറം കോട്ടക്കല്ലിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ കാഞ്ഞങ്ങാട് സ്വദേശിനിയായ വീട്ടമ്മ മരിച്ചു. പുതിയവളപ്പ് കടപ്പുറം സ്വദേശിനി സിന്ധു (41) ആണ് മരിച്ചത്. അപകടത്തിൽ സിന്ധുവിന്റെ ഭർത്താവ് പ്രശാന്ത് അച്യുതൻ (49), മകൻ പ്രസിന്ത് (18), കാർ ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെയും മകൻ പ്രസിന്തിനെയും വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറും ചികിത്സയിലാണ്. സിന്ധുവിന്റെ മൃതദേഹം കോട്ടക്കലിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

രണ്ട് ദിവസം മുൻപാണ് കുടുംബം തീർഥാടനത്തിനായി ട്രെയിൻ മാർഗം പഴനി ക്ഷേത്രത്തിലേക്ക് പോയത്. മടക്കയാത്രയ്ക്കിടെ പ്രശാന്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ കാഞ്ഞങ്ങാട്ടുനിന്ന് പ്രത്യേകം കാർ വിളിക്കുകയായിരുന്നു. ഈ കാറിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു കാറിടിച്ച് ദുരന്തമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *