പെരിയ: മണ്ണിലൊഴുക്കിയ വിയർപ്പിനും അധ്വാനത്തിനും ഒടുവിൽ വിരിഞ്ഞുനിന്ന പൂക്കൾ വിറ്റുതീർക്കാനാവാതെ കണ്ണീരിലായി വില്ലാരംപതിയിലെ കർഷകക്കൂട്ടായ്മ. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ പെരിയ വില്ലാരംപതി പുരുഷ സ്വയംസഹായ സംഘം പ്രവർത്തകരാണ് അപ്രതീക്ഷിത തിരിച്ചടിയിൽ പ്രതിസന്ധിയിലായത്.
പെരിയ ദേശീയപാതയിൽ നിന്ന് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ കാണുന്ന പറമ്പിൽ മഞ്ഞയും ഓറഞ്ചും നിറത്തിൽ പൂത്തുലഞ്ഞു നിൽക്കുകയാണ് ചെണ്ടുമല്ലിത്തോട്ടം. കഴിഞ്ഞ വർഷത്തെ മികച്ച ലാഭമാണ് ഇത്തവണയും പച്ചക്കറിക്കൊപ്പം പൂകൃഷിയിലേക്കും ഇവരെ ആകർഷിച്ചത്. ഈ കൃഷിയിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുകയായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യം.
എന്നാൽ കർക്കടകം മാറിയിട്ടും വിട്ടുമാറാതെ നിന്ന കനത്ത മഴയും ഓണം നേരത്തെ എത്തിയതും വിപണിയെ സാരമായി ബാധിച്ചു. മുൻവർഷങ്ങളിൽ മറ്റ് ജില്ലകളിലേക്ക് വരെ പൂക്കൾ കയറ്റി അയച്ചിരുന്ന സ്ഥാനത്ത്, ഇത്തവണ ജില്ലയിലെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് പോലും എത്തിച്ചേരാൻ കഴിയാത്ത വിധം മഴ തടസ്സമായി.
പൊതുപ്രവർത്തകനായ രാജൻ പെരിയയും സഹോദരങ്ങളും പ്രതിഫലേച്ഛയില്ലാതെ നൽകിയ സ്ഥലത്താണ് 21 അംഗ സംഘം കൃഷിയിറക്കിയത്. പ്രസിഡന്റ് ടി.സി. ബാലകൃഷ്ണൻ, സെക്രട്ടറി കുഞ്ഞിരാമൻ സെഞ്ചുറി, ഭാരവാഹികളായ പീതാംബരൻ, രാജശേഖരൻ, സജി, പി. ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ദിവസവും രാവിലെ തോട്ടത്തിലെത്തി കൃഷി പരിപാലിച്ചാണ് ഇവർ വിളവിറക്കിയത്. വിളവെടുപ്പ് പൂർത്തിയായിട്ടും ആവശ്യക്കാരില്ലാതെ തോട്ടത്തിൽ തന്നെ കരിഞ്ഞുപോവുന്ന പൂക്കൾ നോക്കി നെടുവീർപ്പിടുകയാണ് ഈ കൂട്ടായ്മ ഇപ്പോൾ.













Leave a Reply