കാസർകോട്: കാസർകോട് നൽകിയ നിസ്വാർത്ഥമായ പിന്തുണയ്ക്കും സ്നേഹത്തിനും മനോഹരമായ ഓർമ്മകൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് അർജുൻ പാണ്ഡ്യൻ ജില്ലാ കളക്ടർ പദവിയിൽ നിന്ന് പടിയിറങ്ങി. കാസർകോട്ട് പ്രവർത്തിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകിയ അനുഭവമായിരുന്നുവെന്നും, ഇവിടുത്തെ നല്ല മനുഷ്യരെയും അനുഭവങ്ങളെയും ഒട്ടനവധി പ്രത്യേക നിമിഷങ്ങളെയും ഏറെ മിസ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സപ്തഭാഷാ സംഗമഭൂമിയുടെ സ്നേഹവും കാസർകോടിന്റെ ഓരോ തുരുത്തും എന്നും തന്റെ ഹൃദയത്തിലുണ്ടാകുമെന്ന് വിടവാങ്ങൽ വേളയിൽ അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടർ എന്ന നിലയിൽ തനിക്ക് വലിയ ആവേശവും ഊർജ്ജവും പകർന്ന മണ്ണാണ് കാസർകോട്. കാസർകോട്ടെ ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കാനാണ് എപ്പോഴും ശ്രമിച്ചത്. ഭരണകൂടത്തിന്റെ മനസ്സറിഞ്ഞ് ജനങ്ങളും ഒപ്പം നിന്നു. സമൂഹം പൂർണ്ണ പിന്തുണയുമായി കൂടെ നിൽക്കുമ്പോൾ ഒരു ജില്ലാ ഭരണാധികാരിക്ക് അതിലപ്പുറം സന്തോഷവും ആവേശവും മറ്റൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറിയ കാലയളവ് കൊണ്ടുതന്നെ കാസർകോടിന്റെ മുക്കുമൂലകൾ അടുത്തറിയാനും പരമാവധി എല്ലായിടത്തും നേരിട്ടെത്താനും സാധിച്ചു. വലിയ മുന്നേറ്റവും വികസനവും ആഗ്രഹിക്കുന്ന മനസ്സാണ് കാസർകോടിന്റേത്. അതിനായി ഭരണകൂടത്തിനൊപ്പം ഒന്നിച്ചുനിൽക്കാൻ ജനങ്ങൾ സദാ സന്നദ്ധരായിരുന്നു.
ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ടൂറിസം തുടങ്ങിയ മേഖലകളിലെല്ലാം ക്രിയാത്മകമായി ഇടപെട്ട് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. കൊച്ചുകുട്ടികളടക്കമുള്ള വിദ്യാർത്ഥികളെ ചേർത്തുപിടിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനും പ്രത്യേക ശ്രദ്ധ നൽകി. ആരോഗ്യ സമ്പൂർണ്ണമായ ജില്ല എന്ന സ്വപ്നത്തിനായി ജനങ്ങൾ വലിയ ആവേശത്തോടെയാണ് ഒപ്പം നിന്നത്. ഈ നാട് തനിക്ക് സമ്മാനിച്ച അളവറ്റ സ്നേഹം ഒരിക്കലും മറക്കില്ലെന്ന് വ്യക്തമാക്കിയാണ് അർജുൻ പാണ്ഡ്യൻ പടിയിറങ്ങിയത്.












Leave a Reply