കാസർകോട്: മാലപൊട്ടിക്കലും വധശ്രമവും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ ബേഡകം പൊലീസ് എറണാകുളത്തുനിന്ന് സാഹസികമായി പിടികൂടി. പള്ളിക്കര കോട്ടക്കുന്ന് സ്വദേശി മുഹമ്മദ് അറാഫത്ത് ആണ് പിടിയിലായത്. എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ നിന്നാണ് ബേഡകം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
2011 മേയ് 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബേഡകം ചെമ്പക്കാട് വച്ച് ജോലി കഴിഞ്ഞ് റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽനിന്ന് ബൈക്കിലെത്തി രണ്ടേമുക്കാൽ പവൻ വരുന്ന സ്വർണ്ണ താലിമാല ഇയാൾ കവരുകയായിരുന്നു. മാല പിടിച്ചുപറിക്കുന്നതിനിടയിലുണ്ടായ പിടിവലിയിൽ പരാതിക്കാരിയുടെ കഴുത്തിന് സാരമായി പരിക്കേറ്റിരുന്നു.
തുടർന്ന് ബേഡകം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇതോടെ കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇയാൾക്കെതിരെ കാസർകോട് പൊലീസ് സ്റ്റേഷനിൽ വധശ്രമക്കേസും നിലവിലുണ്ട്.
ബേഡകം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അജിത കെ.യുടെ നിർദ്ദേശപ്രകാരം സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രജീഷ് താരംതട്ട, ഷഫീഖ്, സിവിൽ പൊലീസ് ഓഫീസർ സന്ദീപ് കെ. എന്നിവരടങ്ങിയ സംഘമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരിയിലെത്തി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.














Leave a Reply