കുട്ടികൾക്കായുള്ള സൗജന്യ ഹൃദയശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് നവംബർ 8-ന് കാസർകോട് ആസ്റ്റർ മിംസിൽ

കാസർകോട്: റോട്ടറി കണ്ണൂർ സെൻട്രൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുടെയും കാസർകോട് റോട്ടറി ക്ലബ്ബിന്റെയും സഹകരണത്തോടെ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സൗജന്യ ഹൃദയശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജന്മനാ ഹൃദ്രോഗം (കോൺജെനിറ്റൽ ഹാർട്ട് ഡിസീസ്) ബാധിച്ച കുട്ടികൾക്കായി നവംബർ 8-ന് കാസർകോട് ആസ്റ്റർ മിംസിലാണ് ക്യാമ്പ് നടക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുകയാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പിലെ വൈദ്യപരിശോധനയിലൂടെ ജന്മനാ ഹൃദ്രോഗം സ്ഥിരീകരിക്കുന്നവർക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ വെച്ച് സൗജന്യ ഹൃദയശസ്ത്രക്രിയയും തുടർചികിത്സയും ലഭ്യമാക്കും.

റോട്ടറി ഗിഫ്റ്റ് ഓഫ് ലൈഫ് ചെയർമാൻ റൊട്ടേറിയൻ സുനിൽ കണാരൻ, റോട്ടറി അസിസ്റ്റന്റ് ഗവർണർ റൊട്ടേറിയൻ വിനോദ് കുമാർ, പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. ഗിരീഷ് വാര്യർ, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. നബീൽ ഫൈസൽ, റോട്ടറി കാസർകോട് പ്രസിഡന്റ് മഹിൻ കോളിക്കര, റൊട്ടേറിയൻ ആർക്കിടെക്ട് വികാസ്, ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ മുഹമ്മദ് ഹസിം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി +91 99619 97779, +91 8848525994 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *