‘ഓർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി ആന്ധ്രാ തീരത്തേക്ക്; കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ‘ഓർണബ്’ (Arnab) ചുഴലിക്കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി (Very Severe Cyclonic Storm) ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും (KSDMA) അറിയിച്ചു.

നാളെ ഉച്ചയോടെ കരതൊടും

നിലവിലെ വിവരങ്ങൾ പ്രകാരം ഒക്ടോബർ 27 വൈകുന്നേരം വരെ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്, തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങും. ഒക്ടോബർ 28-ന് ഉച്ചയ്ക്ക് മുൻപായി ആന്ധ്രാപ്രദേശ് – യാനം തീരങ്ങൾക്കിടയിലൂടെ (ബാപട്‌ലക്കും വിശാഖപട്ടണത്തിനും മധ്യേ) ഓർണബ് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും, പരമാവധി 140 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റടിക്കുമെന്നാണ് മുന്നറിയിപ്പ്.

കേരളത്തിൽ ജാഗ്രതാനിർദേശം

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും വിവിധയിടങ്ങളിൽ കാലാവസ്ഥാ വ്യതിയാനം പ്രകടമാകും.

  • ഇന്ന് (ഒക്ടോബർ 27) സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
  • ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.

തീരദേശവാസികളും മലയോര മേഖലയിലുള്ളവരും ജാഗ്രത പുലർത്തണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *