തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധം; രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുനീക്കി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ മാര്‍ച്ചിനും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത്‌നീക്കി. രാവിലെ ആരംഭിച്ച മാര്‍ച്ച് സംഘര്‍ഷങ്ങള്‍ക്കും പ്രതിഷേധള്‍ക്കുമൊടുവില്‍ ആകാശവാണി ഭവനില്‍ കുത്തിയിരിപ്പ് സമരമായി മാറിയിരുന്നു. ആകാശവാണി ഭവനില്‍നിന്ന് രാഹുലിനെയും പ്രിയങ്കയെയും കെ.സി.വേണുഗോപാലടക്കമുള്ള മറ്റു നേതാക്കളെയും രാത്രി 7:45 ഓടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉടനടി കൂടിക്കാഴ്ചയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറായില്ലെന്നാണ് സൂചന. ഒരാഴ്ചയ്ക്ക് ശേഷം കാണമെന്നാണ് കമ്മിഷന്‍ അറിയിച്ചതായാണ് വിവരം. 300 എംപിമാര്‍ക്ക് നാളെ തന്നെ കൂടിക്കാഴ്ച നടത്താന്‍ സമയം അനുവദിക്കണമെന്ന് ഇന്ത്യ സഖ്യ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് പോലീസ് രാഹുലിനെയും എംപിമാരെയും അറസ്റ്റ് ചെയ്ത് നീക്കിയത്.

ആകാശവാണി ഭവനില്‍ നടത്തുന്ന കുത്തിയിരിപ്പ് സമരം രാത്രിയിലും തുടരാന്‍ അനുവദിക്കില്ലെന്നും പിരിഞ്ഞുപോകാന്‍ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടതായും പോലീസ് നേരത്തെ അറിയിച്ചിരുന്നു.

രാഹുല്‍ ഗാന്ധിയാണ് ചൊവ്വാഴ്ച പ്രതിപക്ഷത്തിന്റെ തെരുവു സമരത്തിന് നേതൃത്വം നല്‍കിയത്. നൂറുകണക്കിന് അനുയായികള്‍ക്കും മറ്റ് പ്രതിപക്ഷ എം.പിമാര്‍ക്കുമൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ നീക്കം പാര്‍ലമെന്റ് സ്ട്രീറ്റില്‍ പൂര്‍ണ്ണമായ സ്തംഭനാവസ്ഥ സൃഷ്ടിച്ചിരുന്നു.

പ്രവര്‍ത്തകരുടെ ആര്‍പ്പുവിളികളില്‍ ആവേശഭരിതനായ അദ്ദേഹം ഒരു ഘട്ടത്തില്‍ പലതട്ടുകളായുള്ള സ്റ്റീല്‍ ബാരിക്കേഡുകള്‍ക്ക് മുകളിലേക്ക് കയറിനിന്ന് ത്രിവര്‍ണ്ണ പതാക വീശി. തുടര്‍ന്ന് പോലീസ് വലയങ്ങള്‍ ഭേദിച്ച് ആകാശവാണി അങ്കണത്തിലേക്ക് കടന്നുകയറി. ഒമ്പത് മണിക്കൂറിലേറെ ഇവിടെ തുടര്‍ന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസില്‍ പോകാന്‍ അനുവദിക്കാതെ ഇവിടെനിന്ന് പോകില്ലെന്ന് അദ്ദേഹം പോലീസിനോട് തറപ്പിച്ച് പറഞ്ഞു.

‘മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ കണ്ട് അദ്ദേഹം ‘വോട്ട് ചോരി’ (വോട്ട് കവര്‍ന്നു) ചെയ്തു എന്ന് പറയുക മാത്രമാണ് എനിക്ക് വേണ്ടത്. എനിക്ക് ഇവിടെ തന്നെ ഇരിക്കാം. എനിക്ക് ഇവിടെ സുഖമാണ്. ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത് അവര്‍ക്ക് താല്പര്യമില്ലെങ്കില്‍, ഞങ്ങള്‍ക്ക് മറ്റേതെങ്കിലും സ്ഥലം തരിക’ സമരത്തിനിടെ രാഹുല്‍ പറഞ്ഞു.

ഇതിനിടെ കൂടിക്കാഴ്ചയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്നും അപേക്ഷ ലഭിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ചര്‍ച്ച പ്രിയങ്ക ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ആകാശവാണിയിലെ കുത്തിയിരിപ്പ് സമരത്തിനിടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പ്രിയങ്കയുമായി ചര്‍ച്ച നടത്തുകയുണ്ടായി. എന്നാല്‍ ഒത്തുതീര്‍പ്പിന് വഴങ്ങാതിരുന്നതോടെയാണ് പോലീസ് നടപടിയുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *