ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിലെ എംപിമാര്‍ നടത്തുന്ന പ്രതിഷേധം ആരംഭിച്ചു. പാര്‍ലമെന്റിനു സമീപത്തുനിന്നും ആരംഭിച്ച പ്രതിഷേധത്തില്‍ ഒറ്റക്കെട്ടായി ഇന്ത്യാസഖ്യത്തിലെ എംപിമാര്‍ അണിനിരന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫിസ് ലക്ഷ്യമാക്കിയാണ് പ്രതിഷേധം മുന്നേറുന്നത്. എന്നാല്‍ ഇവിടെ എത്തുന്നതിനു മുന്‍പേ പ്രതിഷേധക്കാരെ തടയാനുള്ള സജ്ജീകരണങ്ങള്‍ ഡല്‍ഹി പൊലീസ് ഒരുക്കിയിട്ടുണ്ട്.
13 കോടി ഇന്ത്യക്കാരെ വോട്ടര്‍പട്ടികയില്‍നിന്നും വെട്ടിമാറ്റി എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഒട്ടേറെ തിരഞ്ഞെടുപ്പുകള്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലൂടെ അട്ടിമറിച്ചെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഗ്യാനേഷ് കുമാറിന്റെ രാജിയല്ലാതെ മറ്റൊന്നിനും തങ്ങള്‍ തയാറല്ലെന്നാണ് പ്രതിഷേധത്തില്‍ ഇന്ത്യാ സഖ്യം ഉയര്‍ത്തുന്ന മുദ്രാവാക്യം.
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ത്യസഖ്യത്തിലെ 150 ഓളം എംപിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധ വഴിയില്‍ പൊലീസ് ബാരിക്കേഡ് ഉയര്‍ത്തിയതോടെ പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി തുടങ്ങിയവര്‍ ബാരിക്കേഡിനു മുകളില്‍ കയറിയത് പ്രതിഷേധക്കാര്‍ക്ക് ആവേശമായി.
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനും എതിരെ കോണ്‍ഗ്രസ് ‘വോട്ട് ബചാവോ, ദേശ് ബചാവോ’ എന്ന പേരില്‍ രാജ്യവ്യാപക പ്രക്ഷോഭവും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. 6 സംസ്ഥാനങ്ങളിലായി വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട 13 കോടി ആളുകളുടെ വീടുകളിലേക്ക് എത്താനും അവരുടെ വോട്ടവകാശം പുനഃസ്ഥാപിക്കാന്‍ സഹായിക്കാനുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇന്ത്യാസഖ്യത്തിലെ കക്ഷികള്‍ നടത്തുന്ന മാര്‍ച്ച് 8 വരെ തുടരും. 10 മുതല്‍ 20 വരെ കോണ്‍ഗ്രസ് പ്രത്യേകമായി യോഗങ്ങളും മാര്‍ച്ചുകളും സംഘടിപ്പിക്കും. 25 മുതല്‍ നവംബര്‍ 25 വരെ ‘വോട്ട് ബചാവോ, ദേശ് ബചാവോ, സിഇസി ഹഠാവോ’ എന്ന മുദ്രാവാക്യവുമായി സംസ്ഥാന, ജില്ലാ തല റാലികള്‍ സംഘടിപ്പിക്കും. നവംബര്‍ 1ന് ഇന്ത്യാസഖ്യം ഡല്‍ഹിയില്‍ നടത്തുന്ന റാലിയിലേക്ക് എല്ലാ പ്രതിപക്ഷപാര്‍ട്ടികളെയും ക്ഷണിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
















Leave a Reply