ദേശീയപാത മാവുങ്കാലിൽ ദാരുണ അപകടം; കാറിടിച്ച് യുവതി മരിച്ചു, 11 വയസ്സുകാരനായ മകന് ഗുരുതര പരിക്ക്

കാസർകോട്: ദേശീയപാതയിൽ മാവുങ്കാൽ കല്യാൺ റോഡ് ക്രൈസ്റ്റ് സ്കൂളിന് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ യുവതി മരിച്ചു. കൂടെയുണ്ടായിരുന്ന പതിനൊന്ന് വയസ്സുകാരനായ മകന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. മാവുങ്കാൽ നെല്ലിക്കാട്ട് പൈരടുക്കത്തെ വേണുഗോപാലൻ്റെ ഭാര്യ കെ. രജനി (38) ആണ് മരണപ്പെട്ടത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ അദ്വൈത് (11) ഇപ്പോൾ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് 6.30 ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.
ഇടിച്ച ശേഷം നിർത്താതെ പോയി; കാർ കസ്റ്റഡിയിൽ
അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ ഇന്നോവ കാർ രാത്രി എട്ട് മണിയോടെ ഹോസ്‌ദുർഗ് പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ക്രൈസ്റ്റ് സ്കൂളിന് സമീപം വെച്ച് അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച ശേഷം കാർ നിർത്താതെ അതിവേഗം ഓടിച്ചുപോവുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രജനിയുടെ ജീവൻ രക്ഷിക്കാനായില്ല. അദ്വൈതിൻ്റെ പരിക്ക് ഗുരുതരമായതിനാലാണ് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റിയത്.
സംഭവത്തിൽ ഹോസ്‌ദുർഗ് പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *