കണ്ണൂരിൽ പുഴക്കരയിൽ നട്ടുവളർത്തിയ വൻ കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തി

കണ്ണൂർ: എടക്കാട് പുഴക്കരയോട് ചേർന്ന് രഹസ്യമായി നട്ടുവളർത്തിയ വൻ കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തി. എടക്കാട് അവേര പുഴക്കരയിലാണ് ഏതാണ്ട് 285 സെന്റീമീറ്റർ നീളവും അമ്പതോളം ശാഖകളുമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. ആൾപ്പാർപ്പില്ലാത്ത പുഴക്കരയിൽ ഇത് ആരാണ് നട്ടുവളർത്തിയത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ എക്സൈസ് സംഘം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കണ്ണൂർ എക്സൈസ് കമ്മീഷണർ സ്‌ക്വാഡംഗങ്ങളായ കെ. ബിനീഷ്, പി. ജലീഷ് എന്നിവർക്ക് ലഭിച്ച കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ അക്ഷയയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്തത്.
എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ സി.പി. ഷനിൽകുമാർ, ഗ്രേഡ് ഇൻസ്പെക്ടർമാരായ എം.കെ സന്തോഷ്, കെ.വി റാഫി, സീനിയർ സിവിൽ ഓഫീസർ പി. ഷജിത്, സിവിൽ എക്സൈസ് ഓഫീസർമാരായ സി.വി ബഷീർ, കെ. അമൽ ലക്ഷ്മണൻ എന്നിവരും ഉണ്ടായിരുന്നു. പ്രദേശത്ത് ഇത്തരത്തിൽ ലഹരി മാഫിയയുടെ മറ്റ് ഇടപെടലുകൾ ഉണ്ടോ എന്നറിയാൻ വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കാനാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *