വിശ്വകർമ്മ ജയന്തി ദിനം ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു; കാസർകോട് ബി.എം.എസ് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

കാസർകോട്: സെപ്റ്റംബർ 17 വിശ്വകർമ്മ ജയന്തി ദിനം ബി.എം.എസിന്റെ നേതൃത്വത്തിൽ ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കാസർകോട്, മധൂർ മേഖലകൾ സംയുക്തമായി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

ബി.എം.എസ് കാസർകോട് ജില്ലാ ജോയിന്റ് സെക്രട്ടറി ഗുരുദാസ് മധൂർ അധ്യക്ഷത വഹിച്ച പൊതുയോഗം ബി.എം.എസ് ജില്ലാ പ്രസിഡന്റ് ഉപേന്ദ്രൻ കോട്ടക്കണി ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മ ജയന്തി ദിനത്തിൽ തൊഴിലാളികൾക്ക് ആശ്വാസമായി ഇ.പി.എഫ് (EPF) വേതന പരിധി 15,000 രൂപയിൽ നിന്നും 25,000 രൂപയായി ഉയർത്തിയ കേന്ദ്ര സർക്കാർ നടപടിയെ ബി.എം.എസ് യോഗത്തിൽ അഭിനന്ദിച്ചു.

ചടങ്ങിൽ ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി. ബാബു മുഖ്യപ്രഭാഷണം നടത്തി. മധൂർ മേഖലാ പ്രസിഡന്റ് വസന്ത നായിക് കൊറുവയിൽ ആശംസാ പ്രസംഗം നടത്തി.

ബി.എം.എസ് ജില്ലാ ട്രഷറർ മനീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഭാസ്കരൻ പൊയിനാച്ചി, ഹരീഷ് കുതിരപ്പാടി, ജില്ലാ വൈസ് പ്രസിഡന്റ് അനിൽ ബി. നായർ, മേഖലാ വൈസ് പ്രസിഡന്റുമാരായ എ. കേശവ, എസ്.കെ. ഉമേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബി.എം.എസ് കാസർകോട് മേഖലാ സെക്രട്ടറി ബാബുമോൻ ചെങ്കള സ്വാഗതവും മധൂർ മേഖലാ സെക്രട്ടറി ശ്രീധരൻ സി.എച്ച്. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *