കാസർകോട്: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയാണെന്ന് കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ 18-കാരനെതിരെ വെള്ളരിക്കുണ്ട് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പൊലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഡോക്ടർമാർ നടത്തിയ വിശദമായ വൈദ്യപരിശോധനയിലാണ് പെൺകുട്ടി നാല് മാസം ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.
വിവരം ആശുപത്രി അധികൃതർ ഉടൻതന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വെള്ളരിക്കുണ്ട് പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിക്കുകയും പോക്സോ വകുപ്പുകൾ ചുമത്തി യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പെൺകുട്ടിയും പ്രതിയായ യുവാവും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.














Leave a Reply