ബൈക്ക് മാറി സ്റ്റാർട്ടാക്കാൻ ശ്രമം; തൃക്കരിപ്പൂരിൽ ബൈക്ക് മോഷ്ടിച്ച അതിഥി തൊഴിലാളി പിടിയിൽ

തൃക്കരിപ്പൂർ: മോഷ്ടിച്ച ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് മറ്റൊരു ബൈക്ക് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ അതിഥി തൊഴിലാളി നാട്ടുകാരുടെ പിടിയിലായി. പ്രതിയെ പിന്നീട് ചന്തേര പോലീസിന് കൈമാറി. തൃക്കരിപ്പൂരിലെ വൾവക്കാട്, ഉടുമ്പുന്തല ഭാഗങ്ങളിലാണ് നാടകീയമായ മോഷണശ്രമം അരങ്ങേറിയത്.

ആയിറ്റി സ്വദേശിയായ കെ. ചന്ദ്രന്റെ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. വൾവക്കാട് റോഡരികിൽ ബൈക്ക് നിർത്തിയിട്ട ശേഷം, സമീപത്തെ പറമ്പിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഭക്ഷണം നൽകാൻ പോയതായിരുന്നു ചന്ദ്രൻ. താക്കോൽ ബൈക്കിൽത്തന്നെ ഉപേക്ഷിച്ച നിലയിലായതിനാൽ മോഷണം എളുപ്പമായി. തിരികെ എത്തിയപ്പോഴാണ് വാഹനം കാണാനില്ലെന്ന വിവരം ഉടമ അറിയുന്നത്.

തുടർന്ന് ഉടുമ്പുന്തല പുനത്തിൽ പ്രദേശത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു ബൈക്ക് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് പിടിയിലാകുന്നത്. സംശയം തോന്നിയ ഉടമസ്ഥൻ ഇയാളിൽ നിന്ന് താക്കോൽ പിടിച്ചുവാങ്ങുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ, വൾവക്കാട്ടുനിന്ന് താൻ മോഷ്ടിച്ച അതേ ബൈക്കാണിതെന്ന് കരുതിയാണ് സ്റ്റാർട്ടാക്കാൻ ശ്രമിച്ചതെന്നാണ് ഇയാൾ പറഞ്ഞത്.

ഇതിനിടയിൽ സംഭവസ്ഥലത്തുനിന്ന് കടന്നുകളയാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ വളഞ്ഞുപിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ചന്ദ്രന്റെ ബൈക്ക് പോലീസ് കണ്ടെടുത്തു. പിടിയിലായ യുവാവിന് മാനസികപ്രശ്നങ്ങളുള്ളതായി ചന്തേര പോലീസ് വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ബൈക്ക് കവർന്ന പ്രതികളെ പിടികൂടിയതിന് പിന്നാലെയാണ് പുതിയ സംഭവവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *