അഞ്ചുവർഷം ബുർഖയ്ക്കുള്ളിൽ ഒളിപ്പിച്ച ക്രിമിനൽ ജീവിതം; 23 കേസുകളിലെ പ്രതി ‘സുർമോ ഇമ്രാൻ’ ഒടുവിൽ ഉള്ളാളിൽ പിടിയിൽ!

മംഗളൂരു: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി പൊലീസിനെ വെട്ടിച്ച് മുങ്ങിനടന്ന കുപ്രസിദ്ധ കുറ്റവാളി ഒടുവിൽ പിടിയിൽ. ഉള്ളാൾ മേലങ്ങാടി ദർഗ റോഡിൽ താമസിക്കുന്ന സുർമോ ഇമ്രാൻ എന്ന ഇമ്രാനെയാണ് (35) ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചുവർഷമായി പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും കണ്ണുവെട്ടിക്കാൻ ഇയാൾ പൊതുസ്ഥലങ്ങളിൽ ബുർഖ ധരിച്ചാണ് നടന്നിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി.

മംഗളൂരു നഗരത്തിലെയും ഉഡുപ്പി ജില്ലയിലെയും വിവിധ സ്റ്റേഷനുകളിലായി കൊലപാതകം, വധശ്രമം, കലാപമുണ്ടാക്കൽ, കവർച്ച, ഭീഷണിപ്പെടുത്തൽ തുടങ്ങി 23-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇമ്രാൻ. കോടതി ഇയാൾക്കെതിരെ ഒന്നിലധികം തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും പൊലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. സ്ത്രീ വേഷത്തിൽ നടന്നിരുന്നതിനാൽ വളരെ പെട്ടെന്ന് ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നാണ് വിവരം.

ഇയാൾ അടുത്തിടെയായി ഉള്ളാൾ പരിസര പ്രദേശങ്ങളിൽ തന്നെ ചുറ്റിക്കറങ്ങുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ കൃത്യമായ നീക്കത്തിനൊടുവിൽ ഉള്ളാളിലെ ഇയാളുടെ ഒളിത്താവള വളഞ്ഞു പികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *