കോഴിക്കോട്: പ്രമുഖ നാടക-ചലച്ചിത്ര താരം സാവിത്രി ശ്രീധരന് (85) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കോഴിക്കോട് തിരുവണ്ണൂരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.
മലയാള സിനിമയിൽ സ്വാഭാവിക അഭിനയത്തിന്റെ പുതിയ തലങ്ങൾ തീർത്ത സാവിത്രി ശ്രീധരൻ, സക്കറിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ ‘ജമീല’ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിന് 2018-ൽ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും 66-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശവും അവർ നേടി. തുടർന്ന് ‘വൈറസ്’, ‘മേരാ നാം ഷാജി’, ‘തീപ്പൊരി ബെന്നി’, ‘പാൽതു ജാൻവർ’ തുടങ്ങിയ ശ്രദ്ധേയ സിനിമകളിലും അവർ അഭിനയിച്ചു.
നാടകവേദിയിലെ അരനൂറ്റാണ്ട്
പതിനാറാം വയസ്സിൽ നാടകരംഗത്തേക്ക് ചുവടുവെച്ച സാവിത്രി, വളയനാട് കലാസമിതിയുടെ ‘കറുത്ത വെള്ളം’ എന്ന നാടകത്തിലൂടെയാണ് ആദ്യമായി അരങ്ങിലെത്തിയത്. പിന്നീട് കാര യുവജന കലാസമിതിയുടെ ‘നോട്ടുകൾ’ എന്ന നാടകത്തിലെ ശക്തമായ കഥാപാത്രം ശ്രദ്ധ നേടി.
പ്രശസ്ത നാടകകൃത്ത് കെ.ടി. മുഹമ്മദിന്റെ ‘ദീപസ്തംഭം മഹാശ്ചര്യം’ എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടകവേദിയിൽ തുടക്കം കുറിക്കുന്നത്. തുടർന്ന് കെ.ടി. മുഹമ്മദിന്റെ ‘കലിംഗ’, ഇബ്രാഹിം വേങ്ങരയുടെ ‘ചിരന്തന തിയേറ്റേഴ്സ്’, വിക്രമൻ നായരുടെ ‘സ്റ്റേജ് ഇന്ത്യ’ തുടങ്ങിയ പ്രമുഖ നാടക സമിതികളിലൂടെ അഞ്ച് പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ അരങ്ങുകളെ വിസ്മയിപ്പിച്ചു. മികച്ച നാടക നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും അവർക്ക് ലഭിച്ചിട്ടുണ്ട്.
വേദിയിലും വെള്ളിത്തിരയിലും ജീവസ്സുറ്റ അമ്മ വേഷങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഇടംനേടിയ അതുല്യ കലാകാരിയാണ് സാവിത്രി ശ്രീധരന്റെ വിയോഗത്തിലൂടെ വിടപറഞ്ഞത്.
















Leave a Reply