മലബാർ എക്‌സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കണ്ണൂർ സ്വദേശി കാസർകോട്ട് പിടിയിൽ

കാസർകോട്: മംഗളൂരുവിലേക്ക് പോവുകയായിരുന്ന മലബാർ എക്‌സ്പ്രസ് ട്രെയിനിൽ സഹയാത്രികയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. കണ്ണൂർ മാങ്ങാട്ടിടം ശങ്കരനെല്ലൂർ സ്വദേശി കെ. രജീഷിനെയാണ് കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വടകരയിൽ നിന്ന് സുഹൃത്തിനൊപ്പം ഡോക്ടറെ കാണാൻ പോവുകയായിരുന്നു യുവതി. ഇതേ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന പ്രതി, ട്രെയിൻ ചെറുവത്തൂർ പിന്നിട്ടതോടെ യുവതിയെ പലതവണ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. ഇയാളുടെ ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ യുവതി ബഹളം വെച്ചു. തുടർന്ന് ഒപ്പമുണ്ടായിരുന്ന സഹയാത്രികർ ഇടപെട്ട് യുവാവിനെ തടഞ്ഞുവെക്കുകയും ഉടൻതന്നെ കാസർകോട് റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

ട്രെയിൻ കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഉടൻ റെയിൽവേ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. റെയിൽവേ എസ്.ഐ കെ. രാജീവന്റെ നേതൃത്വത്തിൽ ഇന്റലിജൻസ് എസ്.ഐ സനിൽകുമാർ, എ.എസ്.ഐ ഗംഗാധരൻ, സി.പി.ഒ ഷാനവാസ്, ആർ.പി.എഫ് കോൺസ്റ്റബിൾ പ്രകാശ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *