കാസർകോട്: ജില്ലയിലെ യാത്രാക്ലേശങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും ഗ്രാമീണ-തീരദേശ റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 21.76 കോടി രൂപയുടെ 7 റോഡ് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനതല എംപവേർഡ് കമ്മിറ്റിയുടെ തീരുമാനപ്രകാരം, ജില്ലാ കളക്ടർ ശ്രീധന്യ സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല യോഗത്തിലാണ് പദ്ധതികൾക്ക് അന്തിമ അംഗീകാരം നൽകിയത്.
നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പൊതുമരാമത്ത്, ഹാർബർ എൻജിനീയറിങ്, തദ്ദേശ സ്വയംഭരണ എൻജിനീയറിങ് (LID & EW) വിഭാഗങ്ങൾക്ക് ജില്ലാ കളക്ടർ കർശന നിർദ്ദേശം നൽകി. പദ്ധതികൾ പൂർത്തിയാകുന്നതോടെ വിദ്യാഭ്യാസം, ആരോഗ്യം, കാർഷിക വിപണനം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാകുമെന്ന് കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ വി. ചന്ദ്രൻ വ്യക്തമാക്കി.
അനുമതി ലഭിച്ച പ്രധാന റോഡുകളും പദ്ധതി വിഹിതവും
- നീലേശ്വരം ബ്ലോക്ക് ഓഫീസ്–പാലായി റഗുലേറ്റർ കം ബ്രിഡ്ജ്–കൂക്കോട് കയ്യൂർ സ്മാരകം റോഡ് (₹3 കോടി):കയ്യൂർ കയാക്കിംഗ് പാർക്ക്, പാലായി ഷട്ടർ കം ബ്രിഡ്ജ് എന്നിവിടങ്ങളിലേക്കുള്ള വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഏറെ പ്രയോജനപ്പെടുന്ന 2.2 കി.മീ റോഡ് 5 മീറ്റർ വീതിയിൽ BM & BC നിലവാരത്തിൽ നവീകരിക്കും. മികച്ച ഡ്രൈനേജ്, നടപ്പാത സംവിധാനങ്ങളും ഒരുക്കും.
- കുഞ്ഞിപ്പാറ–മുക്കട റോഡ് (₹3.80 കോടി):കിനാനൂർ–കരിന്തളം പഞ്ചായത്തിലെ ദുർഘടമായ കുന്നിൻപാതകൾക്ക് പകരമായി 1.9 കി.മീറ്റർ ദൂരത്തിൽ പുതിയ റോഡ് നിർമ്മിക്കും. കാലിച്ചാമരം–പുലിയന്നൂർ സ്കൂൾ റോഡിനെയും മുക്കട പി.ഡബ്ല്യു.ഡി റോഡിനെയും ബന്ധിപ്പിക്കുന്ന ഈ പാതയിൽ ആവശ്യമായ കൽവർട്ടുകളും ഡ്രൈനേജുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
- ബോവിക്കാനം–ബേവിഞ്ചെ റോഡ് (₹4.50 കോടി):ചെർക്കള–ജാൽസൂർ ഇന്റർസ്റ്റേറ്റ് ഹൈവേയിലെ ബോവിക്കാനം എട്ടാം മൈലിൽ നിന്ന് ആരംഭിച്ച് ബേവിഞ്ചെയിൽ അവസാനിക്കുന്ന പ്രധാന പാതയുടെ നവീകരണത്തിനും പാർശ്വഭിത്തി സംരക്ഷണത്തിനുമായി തുക വിനിയോഗിക്കും. കുഴികൾ അടച്ച് ഡ്രൈനേജും നടപ്പാതയും നിർമ്മിച്ച് ഗതാഗതം സുഗമമാക്കും.
- കോട്ടക്കുന്ന്–മൊഗർ മസ്ജിദ് റോഡ് (₹2.23 കോടി):മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ 1.9 കി.മീറ്റർ തീരദേശ റോഡ് 5 മീറ്റർ വീതിയിൽ സിംഗിൾ ലെയ്ൻ കാരിയേജ് വേയായി പുനർനിർമ്മിക്കും. നിലവിലെ തകർന്ന കോൺക്രീറ്റ്, ബി.ടി റോഡുകൾക്ക് പകരമായാണ് അത്യാധുനിക രീതിയിലുള്ള നിർമ്മാണം.
- ചൗക്കി–കുന്നിൽ–മജൽ–ഉജിർക്കര റോഡ് (₹1.93 കോടി):മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ അവശേഷിക്കുന്ന 1.4 കി.മീറ്റർ റോഡ് 5.5 മീറ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയർത്തും. സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയവയിലേക്കുള്ള പ്രധാന യാത്രാമാർഗ്ഗമാണിത്.
- ചിത്താരി–ചാലിങ്കൽ ജില്ലാ പഞ്ചായത്ത് റോഡ് (₹4.30 കോടി):കാഞ്ഞങ്ങാട്–കാസർകോട് തീരദേശ സംസ്ഥാന പാതയെയും ദേശീയപാത 66-നെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. നാറ്റ്പാക്കിന്റെ (NATPAC) ശാസ്ത്രീയ ഡിസൈൻ പ്രകാരം ജില്ലാ പഞ്ചായത്ത് വിഹിതം ഉൾപ്പെടെയാണ് ചാമുണ്ഡിക്കുന്ന് മുതൽ ചാലിങ്കൽ വരെയുള്ള ഭാഗം BM & BC നിലവാരത്തിൽ ടാറിങ് നടത്തുന്നത്.
- ഗേറുകട്ട–വോർക്കാടി റോഡ് (₹2.00 കോടി):മഞ്ചേശ്വരം മണ്ഡലത്തിലെ ഗോവിന്ദപൈ നെത്തിലപദവ് റോഡിൽ നിന്ന് ആരംഭിച്ച് ബേക്കറി റോഡ് ജംഗ്ഷനിൽ അവസാനിക്കുന്ന ഗ്രാമീണ റോഡിന്റെ ആദ്യ 1.6 കി.മീറ്റർ ഭാഗം BM & BC നിലവാരത്തിൽ നവീകരിക്കും. മഴക്കാലത്തെ വെള്ളക്കെട്ടും യാത്രാദുരിതവും ഇതോടെ പരിഹരിക്കപ്പെടും.














Leave a Reply