കോഴിക്കോട്ട് ബൈക്കപകടം; കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് ദാരുണാന്ത്യം, സഹതാരത്തിന് പരിക്ക്

കോഴിക്കോട്: നഗരത്തിലുണ്ടായ വാഹനാപകടത്തിൽ യുവ ഫുട്‌ബോൾ താരത്തിന് ദാരുണാന്ത്യം. സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്‌സിക്ക് വേണ്ടി ബൂട്ടുകെട്ടിയ തൃശൂർ സ്വദേശി റിജോൺ ജോസ് (29) ആണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സഹതാരവും കാലിക്കറ്റ് എഫ്‌സി കളിക്കാരനുമായ ഗനി അഹമ്മദ് നിഗത്തിന് ഗുരുതരമായി പരിക്കേറ്റു.

ഞായറാഴ്ച രാത്രി പത്തരയോടെ കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപമായിരുന്നു ദാരുണമായ അപകടം നടന്നത്. താരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവർക്കും സാരമായി പരിക്കേറ്റു.

നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ ഇരുവരെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിജോൺ ജോസിന്റെ ജീവൻ രക്ഷിക്കാനായില്ല. അതീവ ഗുരുതരാവസ്ഥയിലുള്ള ഗനി അഹമ്മദ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്. അപകടത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *