തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്നു. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് വിവിധ ജില്ലകളിലായി 9 പേർ മരണപ്പെട്ടു. കാണാതായ ഒരാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വരും മണിക്കൂറുകളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ഇന്ന് 6 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലവിലുള്ളത്.
കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിൽ: 5 മരണം
മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ 5 പേർ മരണപ്പെട്ടു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. തിരൂർ സ്വദേശികളായ മുഹമ്മദ്കുട്ടി, മാങ്ങാടൻ അനസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
നിരവധി വിനോദസഞ്ചാരികൾ പുഴയിൽ ഉണ്ടായിരുന്ന സമയത്താണ് അപ്രതീക്ഷിതമായി മലവെള്ളം ഇരച്ചെത്തിയത്. പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നത് ശ്രദ്ധയിൽപെട്ട വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സമയോചിതമായി മുന്നറിയിപ്പ് നൽകിയതിനാൽ വലിയ ദുരന്തം ഒഴിവായി.
ഇടുക്കിയിൽ മണ്ണിടിച്ചിൽ; രണ്ടു മരണം, ഗതാഗത നിയന്ത്രണം
മൂന്നാർ വട്ടവട കൊട്ടാക്കമ്പൂരിൽ കൃഷിയിടത്തിലെ ഷെഡിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കൊട്ടാക്കമ്പൂർ വില്ലേജിൽ അമ്മൻകോവിലിനു സമീപം താമസിക്കുന്ന ബാലകൃഷ്ണൻ പെരുമാൾ, അയൽവാസി സി. ചിന്നമ്മാൾ എന്നിവരാണ് മരിച്ചത്.
ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിമാലി പഴംമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് 5 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരങ്ങൾ വീണു. നേര്യമംഗലം-വാളറ റോഡിലൂടെയുള്ള യാത്രയ്ക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പഴയ മൂന്നാറിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ വാഹനങ്ങൾ ഇടക പള്ളിക്ക് സമീപത്തുനിന്നും ഗ്യാപ്പ് റോഡിലൂടെ തിരിച്ചുവിടുകയാണ്.
കോട്ടയം മലയോരത്ത് രണ്ട് മരണം; മീനച്ചിലാർ കരകവിഞ്ഞു
കോട്ടയം ജില്ലയിലെ മലയോര മേഖലയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും രണ്ട് പേർ മരിച്ചു. വാഗമൺ-ഈരാറ്റുപേട്ട റോഡിൽ സഞ്ചരിക്കുകയായിരുന്ന വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് തമിഴ്നാട് സ്വദേശിയായ വിനോദസഞ്ചാരി സംഗീത മരണപ്പെട്ടു.
പെരിങ്ങളം ഉറവപ്ലാവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഗൃഹനാഥനായ ജോസഫ് മരിച്ചു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികളെ നാട്ടുകാർ സുരക്ഷിതമായി രക്ഷപ്പെടുത്തി. കഴിഞ്ഞ പ്രളയത്തിൽ ഉരുൾപൊട്ടലുണ്ടായ മംഗളഗിരി ഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാവുകയും ഒരു വീട് പൂർണമായി ഒലിച്ചുപോവുകയും ചെയ്തു. മീനച്ചിലാർ പലയിടത്തും കരകവിഞ്ഞൊഴുകുകയാണ്.
തീരദേശവാസികൾക്കും ഉയർന്ന പ്രദേശങ്ങളിലുള്ളവർക്കും ജാഗ്രതാ നിർദ്ദേശം
തുടർച്ചയായ മഴയിൽ ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി ലൈനുകൾ പൊട്ടിവീഴാനും സാധ്യതയുണ്ട്.
അതിനിടെ, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരപ്രദേശങ്ങളിൽ രാത്രി 8.30 വരെ പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.















Leave a Reply