തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി ഡിപ്പോകളിൽ സാരി വിതരണം ചെയ്യുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. പി.എസ്. പ്രമോജ് ശങ്കർ അറിയിച്ചു. സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്ന ഇത്തരം പ്രചാരണങ്ങൾ വ്യാജമാണെന്നും അധികൃതർ വ്യക്തമാക്കി.
പദ്ധതിയുടെ നൂറാം ദിനാഘോഷങ്ങളുടെ ഭാഗമായി നാളെ (22-09-2026) രാവിലെ 10 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ സന്ദർശിക്കും. തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാർക്ക് മധുരം വിതരണം ചെയ്യും.
ലക്ഷദ്വീപ്, ഹൈദരാബാദ് പാക്കേജുകളും പുതിയ സോഫ്റ്റ്വെയറും നാളെ മുതൽ
യാത്രാപ്രേമികൾ കാത്തിരുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസുകളുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ വൈകുന്നേരം 7.30-ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി നിർവഹിക്കും.
ഇതോടൊപ്പം ബജറ്റ് ടൂറിസം സെല്ലിനായി പ്രത്യേകം തയാറാക്കിയ പുതിയ സോഫ്റ്റ്വെയറും ടിക്കറ്റ് റിസർവേഷനിലെ വെയിറ്റിങ് ലിസ്റ്റ് സംവിധാനവും മന്ത്രി നാടിന് സമർപ്പിക്കും. പുതിയ സോഫ്റ്റ്വെയർ നിലവിൽ വരുന്നതോടെ യാത്രക്കാർക്ക് ബജറ്റ് ടൂറിസം പാക്കേജുകൾ പൂർണ്ണമായും ഓൺലൈനായി ബുക്ക് ചെയ്യാനാകും. ഇന്ത്യൻ റെയിൽവേ മോഡലിൽ ടിക്കറ്റുകൾക്ക് വെയിറ്റിങ് ലിസ്റ്റ് ഏർപ്പെടുത്തുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
നേട്ടങ്ങൾക്ക് ആദരം
ലക്ഷദ്വീപിലേക്കുള്ള കന്നിയാത്രയ്ക്കായി തെരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാരെയും കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാരെയും യൂണിറ്റുകളെയും ചടങ്ങിൽ മന്ത്രി ആദരിക്കും.
തമ്പാനൂർ വാർഡ് കൗൺസിലർ ആർ. ഹരികുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ-സാമൂഹിക പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.















Leave a Reply