അവകാശങ്ങൾ ചോദിക്കുന്നവർ എന്തിന് മാപ്പ് പറയണം?’; കാലടിയിലെ എസ്എഫ്ഐ സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി പ്രകാശ് രാജ്

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ അന്യായമായ സസ്പെൻഷൻ പിൻവലിക്കുക, പരീക്ഷ എഴുതാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി നടൻ പ്രകാശ് രാജ്. സർവകലാശാലാ ആസ്ഥാനത്തെ സമരപ്പന്തലിൽ നേരിട്ടെത്തിയാണ് അദ്ദേഹം വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. വിദ്യാർഥികളുടെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സന്ദർശനം.

ഡിവൈഎഫ്ഐ നേതാവ് ചിന്ത ജെറോം ഉൾപ്പെടെയുള്ളവർ പ്രകാശ് രാജിനൊപ്പമുണ്ടായിരുന്നു. സർവകലാശാലയിൽ നിലനിൽക്കുന്ന അക്കാദമിക് പ്രതിസന്ധിയും വിദ്യാർഥി സമരത്തിലേക്ക് നയിച്ച സാഹചര്യങ്ങളും നേതാക്കൾ അദ്ദേഹത്തോട് വിശദീകരിച്ചു. സസ്പെൻഷന് മുമ്പ് 100 ശതമാനം ഹാജരുണ്ടായിരുന്ന വിദ്യാർഥികൾക്ക് പോലും പരീക്ഷ എഴുതാൻ അനുമതി നിഷേധിക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

ചോദ്യങ്ങൾ ചോദിക്കുന്നതിന് വിദ്യാർഥികൾ എന്തിന് മാപ്പ് പറയണമെന്ന് പ്രകാശ് രാജ് മാധ്യമങ്ങളോട് ചോദിച്ചു. വിദ്യാർഥികൾ തങ്ങളുടെ ന്യായമായ അവകാശങ്ങളാണ് ചോദിക്കുന്നത്. സ്വാതന്ത്ര്യസമരം ഉൾപ്പെടെ ചരിത്രത്തിലെ എല്ലാ സുപ്രധാന മുന്നേറ്റങ്ങളും രൂപപ്പെട്ടത് പ്രതിരോധങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയുമാണ്. കലയെയും വിദ്യാർഥി പ്രതിഷേധങ്ങളെയും തിരിച്ചറിയാനുള്ള സംവേദനക്ഷമത വൈസ് ചാൻസലർക്കില്ലെന്നും, ഭഗത് സിംഗിന്റെയും ഗാന്ധിജിയുടെയും അംബേദ്കറുടെയും പാരമ്പര്യം ഉൾക്കൊള്ളുന്ന വിദ്യാർഥികൾ ആരോടും മാപ്പ് പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *