കരിപ്പൂരിൽ സ്വർണ്ണവേട്ട തുടരുന്നു; കാസർകോട് സ്വദേശിയിൽ നിന്ന് 1.67 കോടിയുടെ സ്വർണ്ണം DRI പിടികൂടി

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണക്കടത്തു സംഘങ്ങൾക്കെതിരെ പരിശോധന ശക്തമാക്കി അന്വേഷണ ഏജൻസികൾ. റവന്യൂ ഇന്റലിജൻസ് വിഭാഗവും (ഡി.ആർ.ഐ) പോലീസും നടത്തിയ വെവ്വേറെ പരിശോധനകളിൽ വൻതോതിൽ സ്വർണ്ണവും പണവും പിടിച്ചെടുത്തു. തുടർച്ചയായ അഞ്ചാം ദിവസമാണ് കരിപ്പൂർ വഴി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടുന്നത്.

ഇന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) നടത്തിയ പരിശോധനയിൽ 1.67 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർകോട് സ്വദേശി പിടിയിലായി. അബുദാബിയിൽ നിന്നെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് അസറുദ്ദീനാണ് പിടിയിലായത്. ഇയാളുടെ ഹാൻഡ് ബാഗിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു 1300 ഗ്രാം സ്വർണ്ണ മിശ്രിതം. സമീപകാലത്ത് ഡി.ആർ.ഐ കരിപ്പൂരിൽ നടത്തുന്ന ഏറ്റവും വലിയ സ്വർണ്ണവേട്ടകളിലൊന്നാണിത്. ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ ദിവസങ്ങളിലും കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വൻ സ്വർണ്ണവേട്ട നടന്നിരുന്നു. വിമാനത്താവളത്തിനകത്തെ കസ്റ്റംസ് പരിശോധനകൾ മറികടന്ന് പുറത്തിറങ്ങിയ സ്വർണ്ണമാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. നാല് ദിവസത്തിനിടെ കരിപ്പൂർ പരിസരത്തുനിന്ന് പോലീസ് നടത്തുന്ന മൂന്നാമത്തെ സ്വർണ്ണവേട്ടയാണിത്. യാത്രക്കാരും സ്വർണ്ണം സ്വീകരിക്കാനെത്തിയ ആളുമടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരായിരുന്ന കോഴിക്കോട് നാദാപുരം സ്വദേശി ഖാലിദ്, നല്ലളം സ്വദേശി മുഹമ്മദ് റഹീസ് എന്നിവരാണ് പിടിയിലായത്. ആഭരണ രൂപത്തിലാക്കിയ 661 ഗ്രാം സ്വർണ്ണം വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചാണ് ഇവർ ടെർമിനലിന് പുറത്തെത്തിച്ചത്.

വിമാനത്താവളത്തിന് പുറത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇവരെ പോലീസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്തതോടെയാണ് സ്വർണ്ണക്കടത്ത് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഇവരിൽ നിന്ന് സ്വർണ്ണം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന കൊടുവള്ളി സ്വദേശി ഹനീഫും പിടിയിലായി. സ്വർണ്ണമിടപാടിനായി ഇയാൾ കൊണ്ടുവന്ന 3,10,000 രൂപയും പോലീസ് കണ്ടുകെട്ടി. സംഭവത്തിൽ പോലീസ് സംഘം തുടരന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *