പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പുഞ്ചാവി സ്വദേശിക്ക് 46 വർഷം തടവ്

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 46 വർഷം കഠിനതടവും 62,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാഞ്ഞങ്ങാട് പുഞ്ചാവി സ്വദേശിയായ പി.എ. സലിമിനെയാണ് (36) ഹോസ്ദുർഗ് സ്പെഷ്യൽ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷവും രണ്ടു മാസവും അധിക തടവ് അനുഭവിക്കേണ്ടിവരും. വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

2022 ജൂൺ 2-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മേൽപറമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് സ്കൂളിലേക്ക് കൊണ്ടുവിടാമെന്ന് വിശ്വസിപ്പിച്ച് 14 വയസ്സുള്ള പെൺകുട്ടിയെ പ്രതി സ്വന്തം മോട്ടോർസൈക്കിളിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് സ്കൂളിൽ വിടാതെ, കുരങ്ങനെ കാണിച്ചുതരാമെന്ന് പ്രലോഭിപ്പിച്ച് ആദൂർ ഭാഗത്തെ കാട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

മേൽപറമ്പ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്പെക്ടർ കെ. ദാമോദരനാണ് പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ മേൽപറമ്പ് സി.ഐയും നിലവിൽ ഡിവൈ.എസ്.പിയുമായ ടി. ഉത്തംദാസാണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എ. ഗംഗാധരനും എയ്ഡ് പ്രോസിക്യൂഷൻ ഡ്യൂട്ടിയിൽ എ.എസ്.ഐമാരായ ശോഭന, ഗീത എന്നിവരും ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *