‘വി.ഡി. സതീശൻ സർക്കാർ മാഫിയ സ്പോൺസേർഡ് ആണെന്ന് സംശയിക്കണം’: പി.കെ. കൃഷ്ണദാസ്

ചീമേനി: സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രകൾ മുതൽ എല്ലാ മേഖലകളിലും സ്പോൺസർഷിപ്പ് ഉണ്ടെന്ന് അവകാശപ്പെടുന്ന വി.ഡി. സതീശൻ സർക്കാർ മാഫിയകൾ സ്പോൺസർ ചെയ്യുന്ന ഭരണമായി മാറിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ചീമേനിയിൽ ബിജെപി ജില്ലാ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ പ്രശിക്ഷണ മഹാ അഭിയാൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് നടന്ന ഹെലികോപ്റ്റർ ഇടപാടിൽ സംശയനിഴലിലായ കമ്പനിയെത്തന്നെ വീണ്ടും കരാർ ഏൽപ്പിക്കാനുള്ള സതീശൻ സർക്കാരിന്റെ നീക്കം ഇരുമുന്നണികളും തമ്മിലുള്ള അവിഹിത അന്തർധാരയ്ക്ക് തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു.

പിണറായി വിജയൻ, മകൾ വീണ വിജയൻ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ വ്യക്തവും ശക്തവുമായ തെളിവുകൾ പുറത്തുവന്നിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ ഒളിച്ചുകളിക്കുന്ന വി.ഡി. സതീശന്റെ നീക്കം അഴിമതിയെ യുഡിഎഫ് സംരക്ഷിക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതും വലതും തമ്മിലുള്ള ഒത്തുകളി കേരളത്തിൽ ഇന്ന് പരസ്യമാണ്. ത്രിപുരയിലും പശ്ചിമ ബംഗാളിലും ജനങ്ങൾ സിപിഎമ്മിനും കോൺഗ്രസിനും നൽകിയ അതേ തിരിച്ചടി കേരളത്തിലും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവന സ്ത്രീവിരുദ്ധം മാത്രമല്ലെന്നും, ഇതിനെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കാൻ സിപിഎമ്മും കോൺഗ്രസും തയ്യാറായില്ലെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. അധികാരം നേടുകയെന്നതിലുപരി രാജ്യവികസനവും ജനസേവനവുമാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി അധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗങ്ങളായ എം. സഞ്ജീവ ഷെട്ടി, പി.കെ. വേലായുധൻ, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ്, കണ്ണൂർ മേഖല പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ. സുനിൽ, എൻ. ബാബുരാജ്, മനുലാൽ മേലത്ത് എന്നിവർ പ്രസംഗിച്ചു. ബിജെപി ഭാരവാഹികൾ പങ്കെടുക്കുന്ന പഠനശിബിരം ഞായറാഴ്ച സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *