കർണാടകയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ കാസർകോട് സ്വദേശി കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ടുവന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനി പൊലീസ് പിടിയിൽ. കാസർകോട് സ്വദേശി ഹനീഫ (37) ആണ് വാഹനവും പുകയില ഉൽപ്പന്നങ്ങളുമായി പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ കണ്ണൂർ പള്ളിക്കുന്നിൽ വച്ചാണ് ടൗൺ പൊലീസും പ്രത്യേക അന്വേഷണ സംഘവും ചേർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മംഗളൂരുവിൽ നിന്ന് എറണാകുളം വരെയുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മൊത്തമായി വിതരണം ചെയ്യുന്നയാളാണ് പിടിയിലായ ഹനീഫയെന്ന് പൊലീസ് അറിയിച്ചു. ഇയാൾ നിരന്തരമായി പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നുണ്ടെന്ന രഹസ്യവിവരം കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ചിരുന്നു. തുടർന്ന് മാസങ്ങളോളമായി ഇയാളുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.

വ്യാഴാഴ്ച രാത്രി മുതൽ പ്രതി സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന പൊലീസ് സംഘം, പുലർച്ചെയോടെ പള്ളിക്കുന്നിൽ വച്ച് വാഹനം വളഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു. വാഹനത്തിൽ സൂക്ഷിച്ചിരുന്ന 325-ഓളം പാക്കറ്റ് വിവിധയിനം നിരോധിത പുകയില ഉൽപ്പന്നങ്ങളും കടത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു.

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി, അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എം.പി. ആസാദ്, കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് എന്നിവരുടെ നിർദ്ദേശപ്രകാരം സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘവും കണ്ണൂർ ടൗൺ പൊലീസും കൺട്രോൾ റൂം പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *