പള്ളിക്കരയിൽ ഓവുചാലിലെ ഗ്രിൽ കമ്പികൾ ഇളകി അപകടക്കെണി; കാൽനടയാത്രക്കാരും വാഹനങ്ങളും ഭീതിയിൽ

പള്ളിക്കര: ബേക്കൽ ഹദ്ദാദിൽ നിന്നും ബിലാൽ നഗറിലേക്ക് പോകുന്ന ഹസ്സൻ ബസാർ റോഡിലെ ഓവുചാലുകൾ അപകടക്കെണിയാകുന്നു. ഓവുചാലിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് ഗ്രില്ലുകളിലെ കമ്പികൾ ഇളകിപ്പോയതാണ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയാകുന്നത്.

കഴിഞ്ഞയാഴ്ച 50 വയസ്സ് പിന്നിട്ട വീട്ടമ്മയുടെ കാൽ കമ്പികൾ ഇളകിയ വിടവിൽ കുടുങ്ങി പരിക്കേറ്റിരുന്നു. ചെറിയ കുട്ടികൾ പോലും ഉള്ളിലേക്ക് വീണുപോകാൻ തക്ക വലിപ്പത്തിലുള്ള വലിയ വിടവുകളാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്.

റോഡിന് വീതി കുറവായതിനാൽ ഓവുചാലും റോഡും ഒരേ നിരപ്പിലാണ് നിർമിച്ചിട്ടുള്ളത്. റോഡ് നിരപ്പിൽ കോൺക്രീറ്റ് ചെയ്ത ഭാഗത്ത് വെള്ളം ഒഴുകിപ്പോകാൻ ഇട്ട വിടവുകളിലാണ് കമ്പി ഗ്രില്ലുകൾ വെൽഡ് ചെയ്ത് പിടിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഗുണനിലവാരമില്ലാത്ത വെൽഡിങ്ങാണ് കമ്പികൾ ഇളകിപ്പോകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

മിനിലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കയറിയിറങ്ങുമ്പോഴാണ് പലയിടങ്ങളിലും വെൽഡിങ് തകർന്ന് കമ്പികൾ വേർപെടുന്നത്. അപകടം ഒഴിവാക്കാൻ താൽക്കാലികമായി നാട്ടുകാർ മരപ്പലകകൾ നിരത്തിവെച്ച് സുരക്ഷയൊരുക്കിയിട്ടുണ്ടെങ്കിലും ഇത് ശാശ്വത പരിഹാരമല്ല.

തുടർ അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് അധികൃതർ ഇടപെട്ട് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *